കവര്‍ച്ച കേസ് പ്രതികള്‍ അറസ്റ്റില്‍

ചൊവ്വ, 1 ഡിസം‌ബര്‍ 2015 (14:26 IST)
കവര്‍ച്ച കേസുകളില്‍ പ്രധാനിയേയും കൂട്ടാളിയേയും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. നൂറോളം കവര്‍ച്ച കേസുകളിലെ പ്രതിയായ ആലപ്പുഴ കലവൂര്‍ എട്ടുകണ്ടം ലക്ഷം വീട് കോളനി നിവാസി സത്താര്‍ ബാഷ (48), സഹായി ചാവക്കാട് അകലാട് കരിക്കലകത്ത് വീട്ടില്‍ ഷിഹാബ് (30) എന്നിവരാണു പിടിയിലായത്.
 
ഇവര്‍ക്കൊപ്പം കൂട്ടാളിയായ ഷിഹാബിന്‍റെ ബന്ധു ചാവക്കാട് അകലാട് സ്വദേശി ജിഷ്യ എന്ന പേരില്‍ അറിയപ്പെടുന്ന നിഷാദിനെ പിടികൂടാന്‍ പൊലീസ് ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചിട്ടുണ്ട്. ബൈക്കിലും കാറിലും കറങ്ങിനടന്ന് ആളില്ലാത്ത വീടുകളിലും ക്ഷേത്രങ്ങളിലും കവര്‍ച്ച ചെയ്യുകയാണ് ഇവരുടെ രീതി.
 
മോഷണക്കേസുകളില്‍ പലവട്ടം സത്താര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരു കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം  തൃശൂര്‍ നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്താറും ഷിഹാബും പിടിയിലായത്. ഇതിനു പുറമെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും സത്താറിനെതിരെ മോഷണക്കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക