വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു.
നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉള്‍പ്പെടുത്തിയിട്ടുളള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകള്‍ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താന്‍ വയനാട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കും.
വയനാട് ജില്ലാ കളക്ടര്‍ തയ്യാറാക്കിയ ദുരന്ത ബാധിത കുടുംബങ്ങളുടെ ലിസ്റ്റ് 430ല്‍ അധികരിക്കാത്തതിനാലും സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കുവാന്‍ ആഗ്രഹിക്കുന്ന ഉരുള്‍പൊട്ടല്‍ ബാധിത കുടുംബങ്ങള്‍ക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കളും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നതിനാലും പുനരധിവാസത്തിനായി ആദ്യഘടത്തില്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് മാത്രമായി ഏറ്റെടുക്കും. ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്നതിനായി 7 സെന്റ് ഭൂമി വീതമുള്ള പ്ലോട്ടായി പുനഃ ക്രമീകരിക്കും.
വയനാട് മാതൃകാ ടൗണ്‍ഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു.
വയനാട് മാതൃകാ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പല്‍ പ്രദേശത്താണ്. ഭൂമി പതിച്ച് നല്‍കുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല. റസിഡന്‍ഷ്യല്‍ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും ഹെറിട്ടബിള്‍ ആയിരിക്കും. പന്ത്രണ്ട് വര്‍ഷത്തേയ്ക്ക് അന്യാധീനപ്പെടുത്താന്‍ പാടില്ലാത്തതുമാണ്. റസിഡന്‍ഷ്യല്‍ യൂണിറ്റും വീടും ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരില്‍ അനുവദിക്കാവുന്നതാണ് (ജീവിച്ചിരിക്കുന്നത് അനുസരിച്ച്). ഭൂമിയും വീടും, 12 വര്‍ഷത്തിന് മുന്‍പ് ഗുണഭോക്താവിന് അവശ്യ ഘട്ടങ്ങളില്‍ പണയപ്പെടുത്തി (Mortgage) വായ്പ എടുക്കുന്നതിന്റെ സാധുത ഓരോ കേസുകളായി പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനം കൈകൊള്ളുന്നതാണ്.
ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നല്‍കുന്നതിനോ മുന്‍പ് പട്ടികയില്‍പെടുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഗുണഭോക്താക്കള്‍ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും, വില്ലേജ് ഓഫീസറും, പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിര്‍ദ്ദേശം നല്‍കും.
ഒരു വീട് നിര്‍മ്മിക്കുന്നതിനുളള സ്‌പോണ്‍സര്‍ഷിപ്പ് തുക ഇരുപത് ലക്ഷം രൂപയായിരിക്കും.
ദുരന്തബാധിതര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയില്‍ തുടര്‍ന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങാവുന്ന കൂപ്പണ്‍ വാടകയ്ക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങള്‍ക്ക് സി.എസ്.ആര്‍. ഫണ്ടില്‍ നിന്നും നല്‍കാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നല്‍കാനും തീരുമാനിച്ചു.
എസ്പിസി കേഡറ്റുകള്‍ക്ക് വെയിറ്റേജ് അനുവദിക്കും
എസ് എസ് എല്‍ സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പി എസ് സി വഴിയുള്ള യുണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കും.
ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് 5 ശതമാനം വെയിറ്റേജ് നല്‍കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാലു വര്‍ഷം ട്രൈയിനിംഗ് പൂര്‍ത്തിയാക്കുന്ന, ഹൈസ്‌കൂള്‍ തലത്തില്‍ എ പ്ലസ് ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കുന്നവരും, ഹൈസ്‌കൂള്‍ തലത്തില്‍ എ ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കും.
ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറിതലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും.
ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാന്‍ തീരുമാനിച്ചു.
സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളുടെയും അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിലേക്കും ടെക്‌നിക്കല്‍ തസ്തികകളിലേക്കുമുള്ള സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ചു. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന് സ്വന്തമായുള്ള വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഡ്രൈവര്‍മാരെ പുനര്‍വിന്യസിക്കും.
കാലാവധി ദീര്‍ഘിപ്പിച്ചു
മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ നിയോഗിച്ച ജസ്റ്റിസ് (റിട്ട) സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്റെ കാലാവധി 27.02.2025 മുതല്‍ മൂന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ച് നല്‍കും.
ഭേദഗതി
സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കെഎംആര്‍എല്‍, കെഎസ്‌ഐഡിസി, കിന്‍ഫ്ര, വിഐഎസ്എല്‍, കെഎസ്ആര്‍ടിസി, കെആര്‍എഫ്ബി മുതലായ പൊതുമേഖലാ സ്ഥാപനങ്ങളെ 30 ശതമാനം എസ്റ്റാബ്ലിഷ്‌മെന്റ് ചാര്‍ജ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ ഭേദഗതി വരുത്തും.
വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ റിക്വയറിങ്ങ് ബോഡിയായി സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് എസ്റ്റാബ്ലിഷ്‌മെന്റ് കോസ്റ്റ് ഒഴിവാക്കി നല്‍കും. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പൊതുസ്വഭാവമുള്ള പദ്ധതികള്‍ക്ക് ഓരോ കേസും പ്രത്യേകം പരിശോധിച്ച് മന്ത്രിസഭയുടെ അംഗീകാരത്തിന് വിധേയമായി എസ്റ്റാബ്ലിഷ്‌മെന്റ് കോസ്റ്റ് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കി നല്‍കും.
നിയമനം
കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ അംഗമായി റ്റി ഇന്ദിരയെ നിയമിക്കും. പാലക്കാട് സ്വദേശിയാണ്.
കണ്ണൂര്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി കെ അജിത് കുമാറിന് പുനര്‍നിയമനം നല്‍കും.
കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു
സംസ്ഥാനത്തിന്റെ ഉപ്പുവെള്ള/കായല്‍, തരിശായി കിടക്കുന്ന ജലാശയങ്ങളില്‍ ഫ്‌ലോട്ടിംഗ് സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ റൂഫ് ടോപ് സോളാര്‍ പാനലൈസേഷന്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പും അനര്‍ട്ടും നടപടി സ്വീകരിക്കണം.