ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം: സര്‍വകക്ഷിയോഗം വെള്ളിയാഴ്ച

എ കെ ജെ അയ്യര്‍

വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (14:39 IST)
കുട്ടനാട്, ചവറ നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി വയ്ക്കുന്ന കാര്യവുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ കക്ഷിയോഗം വിളിച്ചു. വെളിയാഴ്ച രാവിലെ പത്ത് മണിക്കാണ് യോഗം. അടുത്ത പൊതു തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കേവലം നാല് മാസത്തേക്ക് മാത്രമായി ഈ രണ്ട് സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട എന്ന നിലപാടാണ് സര്‍ക്കാരിന് ഇപ്പോഴുള്ളത്.
 
ഇത് സംബന്ധിച്ച് പ്രതിപക്ഷവുമായി സമവായത്തില്‍ എത്താനാണ് സര്‍ക്കാര്‍ നീക്കം. കോവിഡ്  വ്യാപനം രൂക്ഷമാകാന്‍ ഇടവരും എന്നതിനാലാണ് പ്രധാനമായി ഇപ്പോള്‍ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ല എന്നാണു സര്‍ക്കാര്‍ പറയുന്നത്. ഇതിനൊപ്പം തെരഞ്ഞെടുപ്പുമായി അധിക സാമ്പത്തിക ബാധ്യതയും ഉണ്ടാവും ഇതും തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തിന് പരിഗണിക്കുന്നുണ്ട്.
 
പ്രതിപക്ഷ നേതാവുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച സര്‍വ കക്ഷി യോഗം വിളിച്ചിരിക്കുന്നത്. ഇതിനൊപ്പം ബി.ജെ.പി യുടെ പിന്തുണയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.  സര്‍വകക്ഷിയോഗത്തില്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്താല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍