കെ എസ് ആർ ടി സി ബസുകള്‍ തുടര്‍ച്ചയായി അപകടം ഉണ്ടാക്കുന്നു എന്നതിന്‍റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ ദിവസം പാപ്പനംകോട് കെ എസ് ആർ ടി സി ബസ് ഡിപ്പോയ്ക്ക് മുന്നില്‍ വച്ച് ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സതികുമാരി എന്ന 56 കാരിയാണു മരിച്ചത്.
വള്ളക്കടവ് ഗംഗാനഗര്‍ നിവാസിയായ രവീന്ദ്രനും ഭാര്യ സതികുമാരിയുമൊത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവേയാണ് പതിനൊന്നര മണിയോടെ വെള്ളറട ഡിപ്പോയിലെ ബസ് അമിതവേഗതയില്‍ വന്ന് സ്കൂട്ടറിനു പിന്നില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു വീണ സതികുമാരിയുടെ തലയിലൂടെ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അവര്‍ തത്ക്ഷണം മരിച്ചു. റോഡരുകിലേക്ക് വീണ രവീന്ദ്രന്‍ നായരുടെ കാലുകള്‍ക്ക് പരിക്കേറ്റു.
അപകടം നടന്നയുടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. എന്നാല്‍ പിന്നീട് ഡ്രൈവര്‍ ഷിനോജിനെ ട്രാഫിക് സൌത്ത് പൊലീസ് അറസ്റ്റ് ചെയ്തു.