കൈക്കൂലി കേസ്: രാഹുല്‍ ആര്‍ നായര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദ്ദേശം

Webdunia
ഞായര്‍, 16 നവം‌ബര്‍ 2014 (11:04 IST)
കൈക്കൂലി വാങ്ങിയ കേസില്‍ പത്തനംതിട്ട മുന്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ക്കെതിരേ കേസെടുക്കാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ ഏപ്രിലില്‍ അടച്ചുപൂട്ടിയ ക്വാറി ഉടമയില്‍ നിന്ന് 17 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് പരാതി. തിരുവനന്തപുരം എസ്പിക്കാണ് അന്വേഷണ ചുമതല. 
 
ആരോപണം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്റെ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് വ്യക്തമായ തെളിവുണ്ടെന്ന് ആഭ്യന്തരവകുപ്പിനെ അറിയിച്ചു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
 
ഏപ്രില്‍ ഒന്നിന് അടച്ചു പൂട്ടിയ ക്വാറി ദിവസങ്ങള്‍ക്കുള്ളില്‍ അന്നത്തെ എസ്പിയായിരുന്ന രാഹുല്‍ ആര്‍ നായര്‍ തുറന്നുകൊടുത്തത് കൈക്കൂലി വാങ്ങിയാണെന്നായിരുന്നു ആരോപണം. ഒരു സുഹൃത്ത് വഴിയാണ് ഇത് വാങ്ങിയതെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ക്വാറി ഉടമകള്‍ വിജിലന്‍സിനോടും തിരുവനന്തപുരം റേഞ്ച് ഐജിയോടും പരാതിപ്പെട്ടിരുന്നു. 
 
മനോജ് അബ്രഹാം, ശ്രീലേഖ എന്നീ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും രാഹുല്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ക്വാറി തുറന്നുകൊടുക്കാന്‍ ഇവര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് രാഹുല്‍ മൊഴി നല്‍കിയിരിക്കുന്നത്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.