സ്വീകരിക്കാൻ പ്രമുഖ നേതാക്കളില്ല; വീട്ടിലെത്തുമ്പോൾ പ്രത്യേക സ്വീകരണം ആവശ്യമില്ലെന്ന് പിപി മുകുന്ദന്‍

തിങ്കള്‍, 18 ഏപ്രില്‍ 2016 (11:07 IST)
പത്തു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ബിജെപിയിൽ തിരിച്ചെത്തിയ പിപി മുകുന്ദനെ മുതിര്‍ന്ന നേതാക്കള്‍ അവഗണിച്ചു. തിരുവനന്തപുരത്തെ മാരാർജി ഭവനിൽ എത്തിയ മുകുന്ദനെ സ്വീകരിക്കാൻ പ്രമുഖ നേതാക്കൾ എത്തിയില്ല. പ്രവര്‍ത്തകര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.

സ്വീകരിക്കാൻ പ്രമുഖ നേതാക്കൾ ആരും എത്തിയില്ലല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വീട്ടിലെത്തുമ്പോൾ പ്രത്യേക സ്വീകരണം ആവശ്യമില്ലല്ലോ എന്നായിരുന്നു മറുപടിയായി മുകുന്ദൻ പറഞ്ഞത്. മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പിന്റെ തിരക്കില്‍ ആണെന്നും അതിനാല്‍ എത്താന്‍ സാധിക്കില്ലെന്നും നേരത്തെ പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തിയ മുകുന്ദൻ പാർട്ടി അംഗത്വം സ്വീകരിച്ചു.

മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. മുകുന്ദൻ പാര്‍ട്ടിയിലേക്ക് തിരിച്ച് എത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബിജെപിയുടെ സംഘടനാ സെക്രട്ടറിയായിരുന്നു പിപി മുകുന്ദന്റെ മടങ്ങി വരവിനു സംസ്ഥാന ആർഎസ്എസ് ഘടകം അനുമതി നല്‍കിയെങ്കിലും ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ആർഎസ്എസിന്റെ ചില നേതാക്കൾ എതിർക്കുകയായിരുന്നു. ബിജെപിലേക്ക് മുകുന്ദൻ നിയോഗിക്കപ്പെട്ടത് ആർഎസ്എസ് പ്രചാരകൻ എന്ന നിലയിലായതിനാൽ, പാർട്ടിയിൽനിന്നു നീക്കിയ സാഹചര്യം ഗുരുതരമാണെന്ന് ആർഎസ്എസ് നേതൃത്വം വിലയിരുത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനു തടസ്സമായത്.

എന്നാൽ തെരഞ്ഞെടുപ്പു അടുത്ത സമയത്തു മുകുന്ദനെപ്പോലുള്ള ആളുകളെ മാറ്റിനിർത്തുന്നതു പാർട്ടിക്കു തിരിച്ചടിയാകുമെന്ന് ആരോപണമുയർന്നു. എന്തായാലും മുകുന്ദന്‍റെ തിരിച്ചുവരവു ബിജെപിക്കു കൂടുതല്‍ ഗുണം ചെയ്യുമെന്നാണു സംസ്ഥാന ബിജെപി നേതൃത്വത്തിലെ വലിയൊരു വിഭാഗവും കണക്കുകൂട്ടുന്നത്.

വെബ്ദുനിയ വായിക്കുക