മാണിയെ ചൊല്ലി ബിജെപിയില്‍ തമ്മിലടി; നേതാക്കള്‍ വഴിമുടക്കികളാകരുതെന്ന് ഒ രാജഗോപാല്‍

വ്യാഴം, 14 ഓഗസ്റ്റ് 2014 (19:13 IST)
കെഎം മാണിയുമായുള്ള സഹകരണത്തെച്ചൊല്ലി ബിജെപിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. കെഎം മാണിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് അടുത്തിടെ 'ജന്മഭൂമി'യില്‍ വന്ന ലേഖനമാണ് പാര്‍ട്ടിയില്‍ ഭിന്നതയ്ക്ക് കാരണമായത്.

എഡിറ്റോറിയലിനേയും ലേഖനത്തേയും തള്ളിക്കളയണമെന്നാണ് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ നിലപാട്. എന്നാല്‍ നേതാക്കള്‍ വഴിമുടക്കികളാകരുതെന്ന് പറഞ്ഞ് മുതിര്‍ന്ന നേതാവ്‌ ഒ രാജഗോപാല്‍ രംഗത്ത് വന്നതൊടെ സമിതിയില്‍ ചര്‍ച്ച കൊഴുത്തു.

മറ്റുള്ളവര്‍ സഹകരിക്കാന്‍ തയ്യാറാകുമ്പോള്‍ എതിര്‍ നിലപാട്‌ സ്വീകരിക്കരുതെന്ന്‌ കേരള കോണ്‍ഗ്രസ്‌ സഹരണത്തെ അനുകൂലിക്കുന്ന നേതാക്കളും പിന്നാലെ പറഞ്ഞു. അതേസമയം കെ സുരേന്ദ്രന്‍ മാത്രമാണ്‌ മുരളീധരനെ അനുകൂലിച്ച്‌ സംസാരിച്ചത്‌.

നേരത്തെ മുരളീധരനെ അനുകൂലിച്ചിരുന്ന എഎന്‍ രാധാകൃഷ്‌ണന്‍, എംടി രമേഷ്‌, പിഎം വേലായുധന്‍ എന്നിവരും മുരളീധരനെതിരെ രംഗത്ത്‌ വരുന്ന കാഴ്ചയാണ് സംസ്ഥാന സമിതിയില്‍ കണ്ടത്. അതേസമയം പികെ കൃഷ്ണദാസ്, അഡ്വ പിഎസ് ശ്രീധരന്‍പിള്ള, ശോഭ സുരേന്ദ്രന്‍ എന്നി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇവര്‍ ഡല്‍ഹിയിലാണെന്നാണ് നേതാക്കള്‍ പറയുന്നത്.

എന്നാല്‍ മാണി സഹകരിക്കാന്‍ തയ്യാറായാല്‍ അപ്പോള്‍ അലോചിക്കാമെന്ന്‌ മുരളീധരന്‍ പറഞ്ഞു. ആരുമായും ശത്രുതയില്ലെന്നും മുരളീധരന്‍ പറഞ്ഞു. മാണിയുടെ അടവുനയവുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമാന നിലപാടുള്ളവരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.


ആര്‍ക്കും അയോഗ്യത കല്‍പ്പിച്ചിട്ടില്ല എന്നും ബിജെപിയുടെ നയങ്ങളുമായി ചേരാന്‍ കഴിയുന്നവര്‍ വന്നാല്‍ സ്വീകരിക്കാമെന്നുമാണ് പിന്നീട് പത്ര സമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു. ഇത്തരത്തിലേക്ക് നിലപാട് മയപ്പെടുത്താന്‍ കാരണം ശക്തമായ വിമര്‍ശനമാണെന്ന് വിലയിരുത്തപ്പെടുന്നു.

വെബ്ദുനിയ വായിക്കുക