ബിജെപിയില്‍ തുറന്ന പോര്; മുരളീധരന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ബിജെപിയിലേക്കില്ല- രാമന്‍ പിള്ള

Webdunia
ശനി, 24 ഒക്‌ടോബര്‍ 2015 (12:33 IST)
മിസ്‌ഡ് കോള്‍ വിവാദത്തില്‍ ബിജെപിയില്‍ തുറന്ന പോര്. ബിജെപി സംസ്ഥാന പ്രസിഡന്റായി വി മുരളീധരന്‍ തുടരുന്നൊടത്തോളം ബിജെപിയിലേക്കില്ലന്ന് മുന്‍ നേതാവായ കെ രാമന്‍ പിള്ള. കുറുക്കു വഴിയിലൂടെയാണ് മുരളീധരന്‍ സ്ഥാനമാനങ്ങളെല്ലാം നേടിയെടുക്കുന്നത്. മുതിര്‍ന്ന നേതാവായ ഒ രാജഗോപാലിനെ പോലും പാര്‍ശ്വവത്ക്കരിക്കാന്‍ മുരളീധരന്‍ ശ്രമം നടത്തിയെന്നും കെ രാമന്‍ പിള്ള വ്യക്തമാക്കി.

പക്ഷപാതത്തോടെ പെരുമാറുന്ന മുരളീധരന്‍ നന്ദികേട് കാണിക്കുകയാണ്. താല്‍ക്കാലിക പ്രസിഡന്റായി എത്തിയ മുരളീധരന്‍ ആറുവര്‍ഷമായി ആ സ്ഥാനത്തു തുടരുന്നത് അത്ഭുതമാണ്. എസ് എന്‍ഡിപി ബിജെപി സഖ്യം എത്രത്തോളം ഫലം ചെയ്യുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും രാമന്‍ പിളള പറഞ്ഞു.

അതേസമയം, മിസ്‌ഡ് കോള്‍ അടിച്ചാല്‍ പിപി മുകുന്ദനും കെ രാമന്‍പിള്ളയും ബിജെപിയില്‍ അംഗങ്ങളാകാമെന്ന മുരളീധരന്റെ പ്രസ്താവനയ്‌ക്ക് എതിരെ ബിജെപിയില്‍ വാക് പോര് രൂക്ഷമായിരിക്കുകയാണ്. നേതാക്കളെ അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ മുരളീധരനെതിരെ പികെ കൃഷ്ണദാസ് വിഭാഗം കേന്ദ്ര നേതൃത്വത്തിനും ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിനും പരാതി നല്‍കിയിട്ടുണ്ട്. തര്‍ക്കം തുറന്ന പോരിലേക്ക് കടന്നതോടെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.