ജില്ലയില്‍ നല്ലോണം കുളം കോരിയാല്‍ ബിരിയാണി വാങ്ങിത്തരാമെന്ന് കളക്‌ടര്‍ ബ്രോ

ശനി, 9 ജനുവരി 2016 (15:09 IST)
ജില്ലയിലെ കുളങ്ങളും കനാലുകളും വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാഗ്‌ദാനം ചെയ്ത് കോഴിക്കോട് ജില്ല കളക്‌ടര്‍ എന്‍ പ്രശാന്ത്. നല്ലോണം കുളം കോരിയാല്‍ ബിരിയാണി വാങ്ങി തരാമെന്നാണ് കളക്‌ടറുടെ വാഗ്‌ദാനം. ഫേസ്‌ബുക്ക് പോസ്റ്റിലാണ് കളക്‌ടര്‍ നാട്ടുകാര്‍ക്ക് ഈ വാഗ്‌ദാനം നല്കിയിരിക്കുന്നത്.
 
കളക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
 
സ്വന്തം നാട്ടിലെ ജലസമ്പത്ത്‌ സംരക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നവർക്ക്‌ ഒരു ഹേതു വന്നു പെട്ടിട്ടുണ്ട്. വരൾച്ച പ്രതിരോധ ഫണ്ടിൽ നിന്നും കുടിവെള്ള പദ്ധതികൾക്കും ജലസ്രോതസ്സ് സംരക്ഷണത്തിനുമായി അനുവദിച്ച തുകയിൽ ശ്രമദാനമായി കുളം, ചിറ സംരക്ഷണ പ്രവർത്തനങ്ങളിൽ സന്നദ്ധസേവകരുടെ ഭക്ഷണത്തിനും യാത്ര ചെലവിനുമായി ഒരു തുക അനുവദിക്കാൻ വകുപ്പുണ്ട്. 
 
പ്രദേശത്തെ 100 ലധികം കുടുംബങ്ങൾക്ക് ഉപകാരപ്പെടുന്ന ചിറയോ കുളമോ ആണെങ്കിൽ വൃത്തിയാക്കുന്ന ജോലിക്ക് വേണ്ടി ഒരു പമ്പ് വാടകക്ക് എടുക്കാനും അനുമതിയുണ്ട്. ഒരു പദ്ധതിക്ക്‌ ഈ ഫണ്ടിൽ നിന്നും മൊത്തം ചെലവാക്കുന്ന തുക അമ്പതിനായിരം രൂപയിൽ കൂടരുത് എന്ന് മാത്രം.
 
താല്പര്യമുള്ള യുവജന സംഘടനകളോ സന്നദ്ധ സംഘടനകളോ റസിഡൻസ് അസ്സോസിയേഷനുകളൊ ഉണ്ടെങ്കിൽ ജില്ലാ കളക്ടരുടെ ഓഫീസുമായി ബന്ധപ്പെടുക. നാട്ടുകാർക്ക് ഉപകാരമുള്ള ഒരു കാര്യം. അദ്ധ്വാനം നിങ്ങളുടേത്. ബിരിയാണി സർക്കാരിന്റെ വക. എന്താ ഒരു കൈ നോക്കുന്നോ?

വെബ്ദുനിയ വായിക്കുക