വിധികാത്ത് താറാവുകള്‍; രണ്ടര ലക്ഷത്തോളം ജീവന്‍ ഇന്ന് പൊലിയും
വ്യാഴം, 27 നവംബര്‍ 2014 (13:40 IST)
പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കുട്ടനാട്ടില്‍ രണ്ടര ലക്ഷത്തോളം താറാവുകളെ ഇന്ന് കൊന്നു തുടങ്ങും. ഇതിനായി കേന്ദ്ര സംഘത്തിന്റെ മേല്‍നോട്ടത്തില്‍ പത്ത് സംഘങ്ങള്‍ ജില്ലയുടെ പല ഭാഗത്തായി ഇറങ്ങി. ഇവര്‍ക്കാവശ്യമായ സുരക്ഷാ കിറ്റുകള്‍ അടക്കമുള്ളവ ബുധനാഴ്ച രാത്രി ന്യൂഡല്‍ഹിയില്‍ നിന്ന് എത്തിച്ചിരുന്നു. കൊല്ലുന്ന താറാവുകളെ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ കത്തിച്ച് നശിപ്പിക്കാനാണ് തീരുമാനം.
താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയെങ്കിലും നടപടികള്‍ വൈകുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആലപ്പുഴയിലെ പുറക്കാട്ട് നാട്ടുകാര്‍ സംഘടിച്ച് താറാവുകളെ കൂട്ടിയിട്ട് കത്തിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ഇവിടെ ദ്രുതകര്‍മ്മസേന എത്തിയത്. രോഗം ബാധിച്ച താറാവുകളെ കൊല്ലുന്നതിനായി വ്യാഴാഴ്ച രാവിലെതന്നെ ഒരുസ്ഥലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. അധികൃതര്‍ എത്തിയശേഷം അവരുടെ നിര്‍ദ്ദേശാനുസരണം അവയെ ചുട്ടുകരിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ രണ്ടിടത്തും തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലുമായി രണ്ടായിരത്തോളം ചത്ത താറാവുകളെ ദ്രുതകര്‍മ്മസേന കൊന്നൊടുക്കിയിരുന്നു.