പക്ഷിപ്പനി അഞ്ചു ജില്ലകളിലേക്ക് പടര്‍ന്നു, രോഗഭീതിയില്‍ നാട്ടുകാര്‍

വ്യാഴം, 27 നവം‌ബര്‍ 2014 (09:00 IST)
കേരളത്തിന്റെ ആരോഗ്യ, സാമ്പത്തിക മേഖലയില്‍ വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുന്ന തരത്തില്‍ പക്ഷിപ്പനി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പക്ഷിപ്പനി ഇപ്പോള്‍, കോട്ടയം, പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിലും പനി എത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രോഗം ബാധിച്ച ഇടങ്ങളില്‍ ജനം പനിപ്പേടിയിലാണ്. രോഗബാധിത മേഖല സന്ദര്‍ശിച്ച കേന്ദ്ര വിദഗ്ധസംഘം ആശങ്ക വേണ്ടെന്നറിയിച്ചിട്ടുണ്ട്. അതേ സമയം ബുധനാഴ്ച അഞ്ചു ജില്ലകളിലായി മൂവായിരത്തോളം താറാവുകള്‍ ചത്തതായിട്ടാണ് അനൗദ്യോഗിക വിവരം. ആലപ്പുഴയില്‍ മാത്രം ആയിരത്തോളം താറാവുകള്‍ ചത്തു. പലയിടങ്ങളിലായി ആലപ്പുഴ ജില്ലയില്‍ 15,000 ത്തിലേറെ താറാവുകള്‍ ചത്തു ചിതറിക്കിടക്കുകയാണ്. ഇവയെ കത്തിക്കുന്നതിനുള്ള നടപടികള്‍ വൈകുന്നുവെന്ന ആക്ഷേപവുമുണ്ട്.

എന്നാല്‍ ഇത്ര പെട്ടന്ന് മറ്റ് ജില്ലകളിലേക്ക് പനി വ്യാപിച്ചതില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് സൂചനയുണ്ട്. രോഗബാധ സ്ഥിരീകരിച്ച ഉടനെ കുട്ടനാട്ടില്‍ നിന്ന് താറാവുകളേയും കോഴികളേയും കടത്തുന്നത് നിരോധിച്ചു എങ്കിലും നിരോധനം പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് രോഗവ്യാപനം രൂക്ഷമായത്.

രോഗലക്ഷണം പ്രകടിപ്പിക്കാത്ത താറാവുകളെ കര്‍ഷകര്‍ രഹസ്യമായി മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതായി വിവരമുണ്ട്. രോഗം പെട്ടെന്ന് അയല്‍ ജില്ലകളിലേക്ക് വ്യാപിക്കാന്‍ ഇതാണ് കാരണമെന്ന് സംശയമുണ്ട്. താറാവുകളെ കടത്തുന്നതു തടയാനോ ചത്ത താറാവുകളെ അതിവേഗം നശിപ്പിച്ച് രോഗ വ്യാപനം തടയാനോ അധികൃതര്‍ക്കായിട്ടില്ലെന്നാക്ഷേപമുണ്ട്.

ആലപ്പുഴയില്‍ രണ്ടിടത്തും തിരുവല്ല, കോട്ടയം എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങളിലുമായി രണ്ടായിരത്തോളം ചത്ത താറാവുകളെ ദ്രുതകര്‍മ്മസേന ചുട്ടുകരിച്ചു. രോഗഭീതി മൂലം ആലപ്പുഴയിലെ പുറക്കാട്ട് നാട്ടുകാര്‍ സംഘടിച്ച് താറാവുകളെ കൂട്ടിയിട്ടുകൊല്ലാന്‍ രംഗത്തിറങ്ങിയതിനെ തുടര്‍ന്നാണ് ഇവിടെ ദ്രുതകര്‍മ്മസേന എത്തിയത്.

അതേസമയം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പക്ഷിപ്പനി ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏഷ്യ- യൂറോപ് മേഖലകളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന എച്ച്‌1 എന്‍8 എന്ന വൈറസാണ് കേരളത്തില്‍ എത്തിയതെന്നാണ് കരുതുന്നത്. ഭോപ്പാലില്‍ നിന്ന് വൈറസിനേ കൂറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്തിയാല്‍ മാത്രമെ രോഗം സ്ഥിരീകരിക്കാന്‍ കഴിയു. അതേസമയം ഈ വൈറസ് മനുഷ്യരില്‍ ബാധിച്ചതായി റിപ്പോര്‍ട്ടില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക