ആർ എസ് എസ് പ്രതിഷേധം: പിണറായിയെ ഭോപ്പാലില്‍ പൊലീസ് തടഞ്ഞു

Webdunia
ശനി, 10 ഡിസം‌ബര്‍ 2016 (19:31 IST)
മലയാളിസംഘടനകളുടെ സ്വീകരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ പൊലീസ് തടഞ്ഞു. ആർ എസ് എസിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന കാരണത്താലാണ് പൊലീസ് പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നും പിണറായിയെ തടഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഭോപ്പാലിലെത്തിയത്. പരിപാടി നടക്കുന്ന ഭോപ്പാൽ സ്‌കൂള്‍ ഓഫ് സോഷ്യൽ സയൻസ് ഹാളിലേക്ക് പുറപ്പെട്ടു പാതിവഴിക്കെത്തിയപ്പോൾ സുരക്ഷാ ഉദ്യേഗസ്ഥൻ പിണറായിയോട് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

സുരക്ഷാ കാരണങ്ങൾ ഉള്ളതിനാൽ പരിപാടി ഒഴിവാക്കണമെന്ന എസ് പിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു മടങ്ങാൻ ആവശ്യപ്പെട്ടത്.  250തോളം ആർ എസ് എസ് പ്രവര്‍ത്തകര്‍ ചടങ്ങ് നടക്കുന്ന ഇടത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും എസ് പി വ്യക്തമാക്കി.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ നോട്ടു നിരോധനത്തിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകർ പ്രതിഷേധം ഉണ്ടാവുമെന്നതിനാലാണ് പിണറായിയെ പൊലീസ് തടഞ്ഞത്.
Next Article