മാട്ടിറച്ചി സമരം പിന്‍വലിച്ചു; ഉരുക്കളുമായി വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കും

വെള്ളി, 14 ഓഗസ്റ്റ് 2015 (15:31 IST)
ദിവസങ്ങളായി സംസ്ഥാനത്ത് തുടര്‍ന്നുവന്ന മാട്ടിറച്ചി സമരം പിന്‍വലിച്ചു. ഉരുക്കളുമായി സംസ്ഥാനത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ നല്‍കുമെന്നും, വാഹനം തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുക്കവുമാണെന്ന സര്‍ക്കാര്‍ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

കേരളത്തിലേക്ക് കന്നുകാലികളുമായി വരുന്ന ലോറികള്‍ക്ക് സുരക്ഷ ഒരുക്കാമെന്ന തമിഴ്നാട്, കര്‍ണാടക സര്‍ക്കാറുകളുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ലോറികള്‍ ആക്രമിച്ച് കന്നുകാലികളെ തട്ടിയെടുക്കുന്നത് പതിവായതോടെയാണ് വ്യാപാരികള്‍ സമരം ആരംഭിച്ചത്.

മാട്ടിറച്ചി സമരം പിന്‍വലിച്ചതോടെ തിങ്കളാഴ്‌ച മുതല്‍ സംസ്ഥാനത്തേക്ക് ഉരുക്കല്‍ എത്തിച്ചേരും. നേരത്തെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ കന്നുകാലികളെ ചിലര്‍ തട്ടിക്കൊണ്ടു പോകുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കച്ചവടക്കാര്‍ സമരം തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക