കേരള ഹൗസ് കാന്റീന്‍ സ്വകാര്യ ഹോട്ടലല്ല, ഡല്‍ഹി പൊലീസിന്റെ നടപടി തെറ്റ്, തുടര്‍ നടപടിയെടുക്കും- മുഖ്യമന്ത്രി

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (11:12 IST)
പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് റെയ്‌ഡ് നടത്തുകയും ചെയ്‌ത നടപടിക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. കേരള ഹൌസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പോലീസ് നടപടി തെറ്റാണ്. പൊലീസ് മിതത്വം പാലിക്കണമായിരുന്നെന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൌസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരള ഹൗസ് കാന്റീനില്‍ സംഘര്‍ഷമുണ്ടാകുകയും പൊലീസ് റെയ്‌ഡ് നടത്തുകയും ചെയ്‌ത സാഹചര്യത്തില്‍ കാന്റീനിലെ ബീഫ് കറിയുടെ വിതരണം താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

പശുവിറച്ചി വിളമ്പിയെന്ന് ആരോപിച്ച് കേരള ഹൗസ് കാന്റീനില്‍ തിങ്കളാഴ്‌ചയാണ് സംഭവവികാസങ്ങള്‍ ഉണ്ടായത്. കേരള ഹൗസ് കാന്റീനായ ‘സമൃദ്ധിയിൽ’ എത്തിയ മൂന്ന് യുവാക്കൾ മെനുകാര്‍ഡില്‍ ബീഫ് എന്ന് എഴുതിവെച്ചിരിക്കുന്നത് മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയായിരുന്നു. സംഘത്തിൽ ഒരു മലയാളിയും രണ്ടു കർണാടക സ്വദേശികളുമാണ് ഉണ്ടായിരുന്നത്. ചിത്രം പകര്‍ത്തുന്നത് കണ്ടതോടെ കാന്റീന്‍ അധികൃതര്‍ ഇടപെട്ടതോടെ ചെറിയ തോതിലുള്ള സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് മൂവരെയും അധികൃതര്‍ പുറത്താക്കുകയായിരുന്നു. ബീഫ് എന്ന് മലയാളത്തിലും ബാക്കി ഇനങ്ങള്‍ ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ എഴുതി നിയമവിരുദ്ധമായി ഗോമാംസം വില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

എന്നാല്‍ വൈകിട്ടോടെ കർണാടക സ്വദേശിയായ യുവാവ്  കാന്റീനിലെത്തി വീണ്ടും വഴക്ക് ഉണ്ടാക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയും മുപ്പതോളം പൊലീസുകാര്‍ കേരള ഹൗസില്‍ എത്തുകയും അടുക്കളയില്‍ കയറി പരിശേധന നടത്തുകയുമായിരുന്നു. കേരളഹൗസില്‍ സംഘര്‍ഷം നടക്കുന്നുവെന്നറിഞ്ഞ് വന്നതാണെന്നാണ് പൊലീസ് പറഞ്ഞത്. കേരള സര്‍ക്കാരിന്റെ അധീനതയിലുള്ള സമുച്ചയത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കി. പിന്നീടാണ് ബീഫിന്റെ കാര്യം പറഞ്ഞാണ് ഉള്ളില്‍ കയറിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ മടങ്ങി. ഇതേതുടര്‍ന്ന് കാന്റീന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.