ബാർകോഴ കേസ്: മാണിയെ കുറ്റവിമുക്തനാക്കിയതിൽ ഉറച്ചു നിൽക്കുന്നു, തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ

ചൊവ്വ, 12 ജൂലൈ 2016 (11:58 IST)
കെ എം മാണിക്കെതിരായ ബാർകോഴ കേസിൽ തുടരന്വേഷണം വേണ്ടെന്ന് വിജിലൻസ് ലീഗൽ അഡ്വൈസർ. തുടരന്വേഷണത്തിനായുള്ള മതിയായ തെളിവുകൾ ഇല്ലെന്നും കോടതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹചര്യങ്ങളും തെളിവുകളും ചൂണ്ടിക്കാട്ടേണ്ടത് പരാതിക്കാരനാണെന്നും നിയമോപദേഷ്ടാവ് വ്യക്തമാക്കി. വിജിലൻസിന്റെ റിപ്പോർട്ടിൽ പുനഃപരിശോധനയുടെ ആവശ്യം ഇല്ലെന്നും ലീഗൽ അഡ്വൈസർ കോടതിയിൽ വ്യക്തമാക്കി.
 
കേസിൽ പുതിയ തെളിവുകൾ ലഭിച്ചാൽ പുനഃപരിശോധന ആകാമെന്നും വിജിലൻസ് ലീഗൽ അഡ്വൈസർ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ നിലവിൽ അത്തരം തെളിവുകൾ ഇല്ല. വിശദമായ വാദം കേൾക്കാൻ കേസ് ഓഗസ്റ്റ് 16ലേക്ക് മാറ്റിവെച്ചു. 
 
അതേസമയം, വി എസ് അച്യുതാനന്ദൻ പരാതിയിൽ ഉറച്ചു നിൽക്കുകയാണ്. തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പഴയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണ് വി എസ്. കേസ് അന്വേഷിച്ച വിജിലൻസ് എസ് പി ആർ സുകേശനെ നേരത്തേ ക്രൈംബ്രാഞ്ച് കുറ്റപ്പെടുത്തിയിരുന്നു. കേസന്വേഷണത്തിൽ സുകേശന് വീഴ്ച പറ്റിയെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

വെബ്ദുനിയ വായിക്കുക