ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന് സൂചന. പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മാണി രാഷ്ട്രീയ സംശുദ്ധി തെളിയിക്കാന്‍ മന്ത്രിസ്ഥാനങ്ങള്‍ രാജിവച്ചു യുഡിഎഫ് സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഇരുവിഭാഗം ഉയര്‍ത്തിയതോടെയാണ് രാജിസൂചനകള്‍ പുറത്തുവന്നത്.
കോഴ ആരോപണം മാണിയുടെ അന്‍പതു വര്‍ഷത്തെ രാഷ്ട്രീയ സംശുദ്ധിയെ തകര്‍ക്കാനും അതുവഴി കേരള കോണ്‍ഗ്രസിനെ (എം) തകര്‍ക്കാനുമുള്ള നീക്കമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതിനേ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ഒരുവിഭാഗം വാദിക്കുന്നത്. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതടക്കമുള്‍ല ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി ചേരും.
എംഎല്‍എമാര്‍ ഉള്‍പ്പെടെ 14 പേര്‍ മാത്രം പങ്കെടുക്കാറുള്ള ഉന്നതാധികാരയോഗത്തിലേക്ക് ഇത്തവണ പതിവിനു വിരുധമായി ജില്ലാപ്രസിഡന്റുമാരെയും ജനറല്‍ സെക്രട്ടറിമാരെയും പങ്കെടുപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യോഗത്തില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അതേ സമയം യുഡിഎഫില്‍ ഉറച്ച് നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്ന അംഗീകാരം യുഡിഎഫിനൊപ്പം നില്‍ക്കാനുള്ളതാണെന്നും യുഡിഎഫ് വിടുമെന്ന പ്രചാരണം കേരള കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താനാണെന്നുമാണ് പാര്‍ട്ടി എംഎല്‍എമാരുടെ വിലയിരുത്തല്‍. നിലവില്‍ കേരളാ കോണ്‍ഗ്രസ് (എം) ന് രണ്ടുമന്ത്രിമാരാണുള്ളത്. കെഎം മാണിയും പിജെ ജോസഫും.
മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് യോഗത്തില്‍ തീരുമാനമുണ്ടകുന്നതെങ്കില്‍ ഇരുവരും രാജിവച്ച് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കാനാണ് തീരുമാനം. പാര്‍ട്ടിയുടെ നിലപാട് അധികാരത്തിനുവേണ്ടിയല്ലെന്നും ആവശ്യമെങ്കില്‍ അധികാരം ത്യജിക്കാനും തയാറാണെന്നും ബോധ്യപ്പെടുത്താനാണു മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിക്കുക.
ഉന്നതാധികാര യോഗത്തിനു ശേഷം തീരുമാനങ്ങള്‍ കീഴ്ഘടകങ്ങളിലേക്കെത്തിക്കുന്നതിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ അടിയന്തരകമ്മിറ്റികളും പ്രവര്‍ത്തകരുടെ യോഗവും വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതുകഴിഞ്ഞു പാര്‍ട്ടിയുടെ നയം വ്യ്ക്തമാക്കി പൊതുയോഗങ്ങളും നടത്തും.