ബാര്‍ക്കോഴ കേസ്: വിജിലന്‍സ് നിയമോപദേശകനെ സര്‍ക്കാര്‍ മാറ്റി
ഞായര്‍, 6 സെപ്‌റ്റംബര്‍ 2015 (11:09 IST)
ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശകന്‍ വിവി അഗസ്‌റ്റിനെ തല്‍സ്ഥാനത്തു നിന്നും സര്‍ക്കാര്‍ മാറ്റി. ഇനി മുതല്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി. ശശീന്ദ്രന്‍ ഹാജരാകും. കഴിഞ്ഞ തവണ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഗസ്‌റ്റിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിലുള്ള അതൃപ്തിയാണു നടപടിക്കു കാരണമായതെന്നാണു സൂചന.
ധനമന്ത്രി കെ.എം. മാണിക്കെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ് നൽകിയ റിപ്പോർട്ടിനെ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വിമർശിച്ചിരുന്നു. ഇതേതുടർന്നാണ് അഗസ്റ്റിനെ മാറ്റാൻ വിജിലൻസ് ഡയറക്ടർ തീരുമാനിച്ചത്. ഈ മാസം പത്തിനാണ് കേസ് കോടതി ഇനി പരിഗണിക്കുന്നത്. ഇതാദ്യമായാണ് ബാർ കോഴ കേസിൽ മുതിർന്ന അഭിഭാഷകൻ വിജിലൻസിനു വേണ്ടി ഹാജരാവുന്നത്.
മാണി പണം ആവശ്യപ്പെട്ടതിനും സ്വീകരിച്ചതിനും തെളിവില്ലെന്ന് നിയമോപദേശം നൽകിയത് അഗസ്റ്റിനാണ്. സര്‍ക്കാര്‍ തീരുമാന പ്രകാരം അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് ആവശ്യമായ ഒരു സഹായവും നല്‍കിയതിനും തെളിവില്ല. നുണ പരിശോധന തെളിവായി സ്വീകരിക്കാന്‍ കഴിയില്ല. ബാര്‍ ഉടമകളില്‍ ഒരാള്‍ മാത്രമാണു പണം നല്‍കിയതായി മൊഴി നല്‍കിയതെന്നും അഗസ്റ്റിന്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എഡിജിപിക്കു നല്‍കിയ നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പണം പിരിച്ചെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഇതു മാണിക്കു നല്‍കിയെന്നു തെളിയിക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനാകില്ലെന്നും അഗസ്റ്റിൻ നിയമോപദേശത്തിൽ വ്യക്തമാക്കിയിരുന്നു. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്പി ആര്‍. സുകേശനാണ് നിയമോപദേശം തേടിയത്.