ബാര്‍ കോഴ: അമ്പിളി ഇന്ന് നുണപരിശോധനയ്ക്ക് ഹാജരാകും
തിങ്കള്‍, 18 മെയ് 2015 (08:48 IST)
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി ഇന്ന് നുണപരിശോധനയ്ക്ക് ഹാജരാകും. ഫോറന്‍സിക് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നുണപരിശോധന നടത്തുന്നത്. രാവിലെ 10.30ന് പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ലാബിലാണ് നുണപരിശോധന.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് നിലപാടില്‍ ഉറച്ച് നിന്ന അമ്പിളിക്ക് ഇന്ന് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. നുണപരിശോധനയ്ക്ക് തയാറാണെന്നും ഏതുതരം അന്വേഷണത്തോടും സഹകരിക്കുമെന്നും അമ്പിളി വ്യക്തമാക്കിയിരുന്നതിനെ തുടര്‍ന്നാണ് അമ്പിളിയെ നുണപരിശോധനയ്ക്ക് ഹാജരാക്കുന്നത്.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി കെ.എം മാണിക്ക് ഔദ്യോഗിക വസതിയിലെത്തി കോഴ കൈമാറുന്നത് കണ്ടെന്നായിരുന്നു അമ്പിളിയുടെ മൊഴി. തന്റെ കാറിലാണ് രാജ്കുമാര്‍ ഉണ്ണി പോയതെന്ന് ബിജു രമേശും പറഞ്ഞിരുന്നു.