അന്വേഷണ വിവരങ്ങള്‍ ചോരുന്നു; ആഭ്യന്തരവകുപ്പ് അന്വേഷിക്കണം- മാണി

തിങ്കള്‍, 25 മെയ് 2015 (11:08 IST)
ബാര്‍ കോഴ അന്വേഷണത്തിന്റെ വിവരങ്ങള്‍ വിജിലന്‍സില്‍ നിന്നും ചോരുന്നതില്‍ കെഎം മാണിക്കും കേരള കോണ്‍ഗ്രസ് എമ്മിനും അതൃപ്തി. ഇക്കാര്യം ആഭ്യന്തരവകുപ്പ് അന്വേഷിക്കണമെന്നും വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നല്കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.  
 
ഇത്തരത്തില്‍ വിവരങ്ങള്‍ ചോരുന്നത് അതീവഗുരുതരമാണെന്ന് കെ.എം മാണി പറഞ്ഞു. എല്ലാം സത്യവിരുദ്ധമായ കാര്യങ്ങള്‍. അതൊക്കെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഇതൊക്കെ ശരിയാണോ എന്ന് ആഭ്യന്തരവകുപ്പ് തീരുമാനിക്കട്ടെ. ഏതായാലും അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതികരിക്കാനില്ല. അത് പൂര്‍ത്തിയാകട്ടെ. പ്രതികരിക്കാം. ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കാനും മാണി പറഞ്ഞു.
 
ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ശരിവെച്ച് നുണപരിശോധനാഫലം മാധ്യമങ്ങളിലൂടെ പുറത്ത് വരുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മാണി കോഴ വാങ്ങിയെന്ന് വിജിലനസിന് വ്യക്തമാകുകയും ചെയ്ത് സാഹചര്യത്തിലാണ് മാണി രംഗത്തെത്തിയത്. 
 

വെബ്ദുനിയ വായിക്കുക