ബാബുവിനെതിരെ മാണി; തനിക്കെതിരെയുള്ള ആരോപണം കേട്ടുകേള്‍വി മാത്രം, ബാബു നേരിട്ട് പണം വാങ്ങിയെന്ന് ബിജു വ്യക്തമാക്കിയിരുന്നു

വ്യാഴം, 12 നവം‌ബര്‍ 2015 (11:10 IST)
ബാര്‍ കോഴക്കേസില്‍ ധനമന്ത്രിസ്ഥാനം നഷ്‌ടപ്പെട്ട കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ പരോക്ഷമായ ആരൊപണവുമായി രംഗത്ത്. തനിക്കെതിരായ ആരോപണം കേട്ടുകേള്‍വി മാത്രമാണ്. എന്നിട്ടും തനിക്കെതിരെ എഫ് ഐ ആര്‍ തയാറാക്കി. ബാബു നേരിട്ട് അമ്പത് ലക്ഷം രൂപ വാങ്ങിയ കാര്യം ബിജു രമേശ് വെളിപ്പെപ്പെടുത്തിയിട്ടുണ്ടെന്നും മാണി പറഞ്ഞു.

തനിക്ക് നേരിട്ട് പണം നല്‍കിയതായി ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞിട്ടില്ല. ബാര്‍ കോഴ ഇടപാടില്‍ ഗുരുതരമായ ആരോപണം ബാബുവിനെതിരെയാണ് ഉയര്‍ന്നത്. കൂടുതല്‍ പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാണി ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മാണി വ്യക്തമാക്കിയിരുന്നു. ഗൂഡാലോചന എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും കുറേ നാളുകളായി ഇത് തനിക്കെതിരെ ഉള്ളതാണെന്നും പറഞ്ഞ അദ്ദേഹം തന്റെ രക്തത്തിനായി ആഗ്രഹിക്കുന്ന നിരവധിയാളുകള്‍ ഉണ്ടെന്നും പറഞ്ഞു. ആഗ്രഹിച്ച രീതിയിലുള്ള പിന്തുണ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യു ഡി എഫില്‍ നിന്ന് ഇതില്‍ കൂടുതല്‍ പിന്തുണ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക