ബാര്‍ കോഴ: നിയമോപദേശം വിവരക്കേടെന്ന് പിസി ജോർജ്

വെള്ളി, 5 ജൂണ്‍ 2015 (13:22 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ ബാർ കോഴക്കേസിൽ വേണ്ടത്ര തെളിവില്ലെന്ന നിയമോപദേശം വിവരക്കേടെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജ് എംഎൽഎ. ബാർ കെസില്‍ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് അന്വേഷണത്തിൽ നടക്കുന്നത്. ഞാനാണ് കട്ടതെന്ന് ഒരിക്കലും കട്ടവർ പറയില്ല, കള്ളൻമാർ തെളിവുകൾ ഉണ്ടാക്കി വച്ചിട്ടില്ല കളവുചെയ്ത് മടങ്ങുന്നത്. അത് കണ്ടെത്തേണ്ടതാണ് അന്വേഷകരുടെ ചുമതലയെന്നും ജോർജ് പറഞ്ഞു.
 
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ഫലം വരുമ്പോൾ അഴിമതി വിരുദ്ധ മുന്നണിയുടെ സ്ഥാനാര്‍ഥി കെ.ദാസ് ഒന്നാമതെത്തും. ഇടതുപക്ഷം രണ്ടാമതും ബിജെപി നാലാം സ്ഥാനത്തും എത്തും. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സ്ഥാനാർഥിയില്ല, അതിനാല്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്ഥാനാർഥി നാലാം സ്ഥാനത്ത് എത്തുമെന്നും ജോർജ് കോട്ടയത്ത് പറഞ്ഞു. 
 
അതേസമയം, ബാര്‍കോഴ കേസ് അട്ടിമറിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാര്‍ ഹോട്ടല്‍‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. കേസില്‍ വിജിലന്‍സിന്റെ നിലപാട് അറിഞ്ഞശേഷം തുടര്‍നടപടിയെടുക്കും. കേസില്‍ മാണി കുറ്റക്കാരനാണെന്ന് വ്യക്തമായ തെളിവ് ലഭിച്ചിട്ടും കേസെടുക്കേണ്ടതില്ലെന്ന് എജി നിയമോപദേശം നല്‍കി. ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക