കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ കരിനിഴലിലാക്കിയ ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ ഖജനാവില്‍ നിന്ന് അഞ്ചു പൈസാ പോലും ചെലവഴിച്ചിട്ടില്ലെന്ന കേരളാ കോണ്‍ഗ്രസിന്റെ (എം) വാദം പൊളിയുന്നു. കേസ് നടത്തിപ്പിനായി സര്‍ക്കാര്‍ ചട്ടങ്ങള്‍ മറികടന്ന് സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലിനെ നിയമിച്ചതുവഴി സര്‍ക്കാര്‍ ചെലവഴിച്ചത് 37.10 ലക്ഷം രൂപയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
കപില്‍ സിബലിന് 35.10 ലക്ഷവും മുഹമ്മദ് നിസാമുദിന്‍ പാഷയ്‌ക്ക് രണ്ടു ലക്ഷവുമാണ് ബാര്‍ കേസില്‍ ഹാജരായതിന് നല്‍കിയത്. എതിര്‍പ്പുകളെ ഭയന്ന് കപില്‍ സിബലിന് നല്‍കാനുള്ള തുക കഴിഞ്ഞ ജനുവരി അവസാനം വരെ പിടിച്ചുവച്ചു. ആഭ്യന്തര, നിയമ വകുപ്പുകളാണ് എതിര്‍പ്പുകളുമായി രംഗത്തുണ്ടായിരുന്നത്. എന്നാല്‍, എതിര്‍പ്പുകളെ അവഗണിച്ച് മന്ത്രിതല സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ധനവകുപ്പ് ഇതു പാസാക്കി നല്‍കുകയായിരുന്നു.
കേസ് നടത്തിപ്പിനായി മാണിക്ക് പണം അനുവദിച്ചു നല്‍കിയതായി പുതിയ സര്‍ക്കാരിന്റെ മന്ത്രിസഭ ഉപസമിതി കണ്ടെത്തിയിരുന്നു. മാണിയെ പ്രതി ചേര്‍ത്ത കേസില്‍ സര്‍ക്കാര്‍ പണം മുടക്കിയതു ചട്ടവിരുദ്ധമായിട്ടാണെന്നും കണ്ടെത്തിയിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് മാണിക്കു കോടതിയില്‍ നിന്നു സമന്‍സോ നോട്ടീസോ ലഭിച്ചിട്ടില്ലാത്തതിനാല്‍ പണം മുടക്കേണ്ട സാഹചര്യമില്ലെന്നാണ് കേരളാ കോണ്‍ഗ്രസ് വാദിച്ചത്.