എക്സൈസ് കമ്മീഷണറുടെ അധികാരം കവർന്നെടുത്തിട്ടില്ല; വിജിലൻസിന്‍റെ എഫ്ഐആർ മുൻകൂട്ടി തയാറാക്കിയ തിരക്കഥ - കെ ബാബു

ശനി, 23 ജൂലൈ 2016 (13:54 IST)
എക്സൈസ് കമ്മീഷണറുടെ അധികാരം കവർന്നെടുത്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുൻ എക്സൈസ് മന്ത്രി കെ ബാബു. കഴിഞ്ഞ സര്‍ക്കാര്‍ ബാർ ലൈസൻസ് അനുവദിച്ചത് സംബന്ധിച്ച വിജിലൻസ് എഫ്ഐആറിലെ കണ്ടെത്തലുകൾ വസ്തുതാ വിരുദ്ധമാണ്. സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ബാബു വ്യക്തമാക്കി.

ബീയർ, വൈൻ പാർലറുകൾക്ക് വ്യക്തിപരമായല്ല അനുമതി നൽകിയത്. ബാറുകൾ പൂട്ടുന്നതിനെതിരായ കേസിൽ ഹൈകോടതി സർക്കാറിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. വിജിലൻസിന്‍റെ എഫ്ഐആർ മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ്. നിലവിലെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ബാബു പറഞ്ഞു.

സംസ്ഥാനത്ത് പൂട്ടുന്ന ബാറുകളുടെ പട്ടിക മുന്‍ എക്സൈസ് മന്ത്രി കെ ബാബു തിരുത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സിന്റെ ത്വരിതപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങളുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് വിജിലന്‍‌സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടകള്‍ പൂട്ടുന്നതിലും ബാര്‍ ലൈസന്‍സ് നല്കുന്നതിലും ബാബു അവിഹിതമായി ഇടപെട്ടെന്ന് ത്വരിതപരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കെ എസ് ബി സി നല്കിയ പട്ടിക പ്രത്യേകിച്ച് ഒരു കാരണവും കൂടാതെയാണ് മന്ത്രിയായിരുന്ന ബാബു തിരുത്തിയതെന്നും ബാബുവിന്റെ പേഴ്സണല്‍ സെക്രട്ടറി സുരേഷും പട്ടിക തിരുത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിലവിലുണ്ടായിരുന്ന അബ്‌കാരി നിയമങ്ങളും നയങ്ങളും മറികടന്ന് കെ ബാബു സ്വന്തം താല്പര്യപ്രകാരം പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ബാര്‍, ബിയര്‍ പാര്‍ലറുകള്‍ക്ക് ലൈസന്‍സ് നല്കാനുള്ള എക്സൈസ് കമ്മീഷണര്‍ക്കുള്ള അധികാരം മന്ത്രിയില്‍ നിക്ഷിപ്തമാക്കിയത് അഴിമതി നടത്തുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നെന്നും ത്വരിതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക