കൈപൊള്ളാതെ സുധീരന്‍; മാണിയെ വേദനിപ്പിക്കാതെ സുകേശനെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ്

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (17:06 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​ന്റെ ക്ഷണം നിരസിച്ചതുകൊണ്ടാണോ കെഎം മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ എസ്പി സുകേശന്റെ ഹര്‍ജിയെന്ന്​ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍.

ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിക്കട്ടെ. പക്ഷേ സംശയത്തിന്റെയും ആരോപണത്തിന്റെയും നിഴലിൽ നിൽക്കുന്ന സുകേശനെ കൊണ്ട് കേസ് അന്വേഷിപ്പിക്കുന്നത് ശരിയല്ല. കേസിൽ പലതവണ തിരിച്ചും മറിച്ചും അഭിപ്രായങ്ങൾ പറഞ്ഞ ഉദ്യോഗസ്ഥനാണ് സുകേശൻ. നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നാണ് കോൺഗ്രസ് നിലപാടെന്നും സുധീരൻ പറഞ്ഞു.

കേരളാ കോൺഗ്രസ് യുഡിഎഫ് വിട്ടതിന് പിന്നാലെ കോടിയേരി മാണിയുമായി പ്രശ്നാധിഷ്ഠിത സഹകരണത്തിന് തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, മാണി ഇത് തള്ളി. അതിനുശേഷമാണ് സുകേശൻ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. ഇക്കാര്യവും ഈ സാഹചര്യത്തിൽ കാണാതിരിക്കരുതെന്നും സുധീരൻ പറഞ്ഞു.

ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ആർസുകേശന്റെ ഹർജിയിലാണു ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിനുള്ള നടപടിയുണ്ടായത്. മൂടിവയ്ക്കപ്പെട്ട സത്യം പുറത്തു കൊണ്ടുവരണം. നശിപ്പിക്കപ്പെട്ട തെളിവുകളും കണ്ടെത്തണമെന്നു കോടതി ആവശ്യപ്പെട്ടു.

ബാർ കോഴക്കേസ് അട്ടിമറിച്ചത് വിജിലൻസ് ഡയറക്ടറായിരുന്ന എൻ ശങ്കർ റെഡ്ഡിയാണെന്ന് സുകേശൻ കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന റിപ്പോർട്ട് റെഡ്ഡി അംഗീകരിച്ചില്ലെന്നും സുകേശൻ കുറ്റപ്പെടുത്തിയിരുന്നു.
Next Article