ബാര്‍ കോഴ ഗൂഢാലോചന; എസ്പി സുകേശന് ക്ലീന്‍ചിറ്റ്

Webdunia
തിങ്കള്‍, 4 ജൂലൈ 2016 (15:59 IST)
ബാര്‍കോഴ കേസന്വേഷണത്തിനിടെ ബിജു രമേശുമായി ചേര്‍ന്ന് യുഡിഎഫ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്പി പിഎന്‍ ഉണ്ണിരാജന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആര്‍ സുകേശന് ക്ലീന്‍ചിറ്റ് നല്‍കിയത്. 
 
ബാര്‍കോഴ അന്വേഷണത്തിടെ വിജിലന്‍സ് എസ്പി ആര്‍ സുകേശനും ബിജു രമേശും ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. മന്ത്രിമാരുടെ പേര് മാധ്യമങ്ങളോട് വിളിച്ചു പറയാന്‍ സുകേശന്‍ പ്രേരിപ്പിച്ചു എന്ന് ബിജു രമേശ് ബാറുടമകളുടെ യോഗത്തില്‍പറഞ്ഞിരുന്നു. ഇക്കാര്യം വ്യക്തമാക്കിയ ശബ്ദരേഖ പരിശോധിച്ചായിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഉണ്ണിരാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് എസ്പിക്കെതിരെ തെളിവില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
 
റിപ്പോര്‍ട്ട് ക്രൈംസ് എഡിജിപി എസ് ആനന്ദകൃഷ്ണനു കൈമാറി. അന്വേഷണഘട്ടത്തില്‍ ഇരുവരും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും ആരോപിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു. 


 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article