ബാർ കോഴ: കെ ബാബുവിന് വിജിലൻസ് നോട്ടീസ്, ചോദ്യം ചെയ്യൽ തിങ്കളാഴ്ച

ഞായര്‍, 16 ഒക്‌ടോബര്‍ 2016 (12:37 IST)
യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയിൽ മുൻ മന്ത്രി കെ ബാബുവിനെ വിജിലൻസ് നാളെ ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ബാബുവിന് അയച്ചു. നേരത്തെ ബാബുവിനെതിരെ ത്വരിത പരിശോധന നടത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേരള ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രിയല്‍സ് അസോസിയേഷന്‍ പ്രസിഡന്റായ വിഎം രാധാകൃഷ്ണന്‍ നല്‍കിയ പരാതിയിന്‍മേലാണ് വിജിലന്‍സ് നടപടി.
 
കെ ബാബു മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിട്ടുള്ള മുഴുവന്‍ നടപടികളും പരിശോധിക്കണമെന്ന് രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ത്വരിത പരിശോധനയില്‍ കെ. ബാബു നല്‍കിയ മൊഴിയിലെ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ചാണ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിജിലൻസ് നോട്ടീസ് അയച്ചത്.
 
തിങ്കളാഴ്ച എറണാകുളം വിജിലന്‍സ് ആസ്ഥാനത്ത് ഹാജരാകാനാണ് ബാബുവിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച ഹാജരാകാനാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും ബാബു അസൗകര്യം അറിയിച്ചതിനെ തുടന്ന് തീയതി മാറ്റുകയായിരുന്നു. ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് 100 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് വിജിലന്‍സ് പറയുന്നത്.

വെബ്ദുനിയ വായിക്കുക