കുട്ടിപ്പട്ടാളത്തെ നിയമപരമായി കീഴടക്കി ബ്ലോഗര്‍; ഹാഷിമിന്റെ പരാതി ന്യായം, പരിപാടിക്ക് കര്‍ട്ടനിട്ട് ബാലാവകാശ കമ്മീഷന്‍

ചൊവ്വ, 30 ഓഗസ്റ്റ് 2016 (11:13 IST)
സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിക്ക് ബാലാവകാശ കമ്മിഷന്റെ റെഡ് സിഗ്നല്‍. പരിപാടി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ദൂര വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും കാണിച്ച് ഹാഷി എന്ന ബ്ലോഗര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി. പരിപാടി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ ചാനലിനും ബന്ധപ്പെട്ടവര്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു. 
 
ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കുട്ടികളോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന പരിപാടി ശ്രദ്ധയില്‍പ്പെട്ടതോടെ മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഹാഷിം ആദ്യം ചൈല്‍ഡ് ലൈനിന്റെ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ചില പരിമിതികള്‍ ഉണ്ടെന്നു ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയും  ബാലവകാശ കമ്മീഷന്റെ മലപ്പുറത്തെ സിറ്റിംഗ് നടക്കുമ്പോള്‍ നേരിട്ട് വന്നു പരാതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 
 
പിന്നീട് മലപ്പുറം കലക്ട്രേറ്റില്‍ ഹാഷിം ചെല്ലുകയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ബാലാവകാശ ഉദ്യോഗസ്ഥരോട് സംസാരിക്കുകയും രേഖാമൂലം പരാതി എഴുതി നല്‍കുകയും ചെയ്തു. സിറ്റിംഗ്‌നു വിളിച്ചപ്പോള്‍ ആദ്യ തവണ ഹാഷിം ചെന്നെങ്കിലും സൂര്യ ടിവി ഹാജരായില്ല. രണ്ടാം തവണ ഹാജരായ ടിവിക്കാര്‍, പരിപാടിയില്‍ കുഴപ്പമില്ലെന്നു വാദിക്കുകയും ഇവയെല്ലാം ഹാഷിമിന്റെ മാനസിക നിലയുടെ തകരാര്‍ ആണെന്ന കമ്മിഷനെ അറിയിക്കുകയും ചെയ്തു. 
 
എന്നാല്‍ അടുത്ത സിറ്റിങ്ങില്‍ ഹാഷിം തെളിവായി അവയുടെ വീഡിയോ ഹാജരാക്കിയപ്പോള്‍ ഇവ ഹാഷിം എഡിറ്റ് ചെയ്തതാണ് തങ്ങളുടെ ഷോ ഇങ്ങിനെയല്ല എന്നും ചാനലുകാര്‍ വാദിച്ചതായി ഹാഷിം പറയുന്നു. ഒടുവില്‍ കമീഷന്‍ ചാനലുകാരോട് തന്നെ അവരുടെ സിഡി ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചാനല്‍ ഹാജരാക്കിയ സിഡി വിലയിരുത്തിയ ശേഷവും ഹാഷിമിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഇതേരീതിയില്‍ പരിപാടി മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്ന് കമീഷന്‍ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ യുട്യൂബില്‍ ഔദ്യോഗികമായി വന്ന ഷോയുടെ എപ്പിസോഡുകള്‍ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക