തന്റെ ആത്മഹത്യകൊണ്ട് കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കട്ടെ; മരണത്തിന് കാരണം എഎസ്‌ഐയും അയല്‍ക്കാരനും: പൊലീസിന്റെ കൃത്യവിലോപത്തിനെതിരെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (09:08 IST)
പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ മനം നൊന്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി ഗൃഹനാഥന്‍ ജീവനൊടുക്കി. ഓട്ടോ ഡ്രൈവറും സിഐടിയു യൂണിയന്‍ അംഗവുമായ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം നിധിന്‍ നിവാസില്‍ (മുളമൂട്ടില്‍ തെക്കേതില്‍) കൃഷ്ണകുമാറാണ് (48) വീട്ടില്‍ തൂങ്ങിമരിച്ചത്. 
 

വ്യാഴാഴ്ച 11.30നാണ് സംഭവം. സമീപവാസിയായ ഉണ്ണി എന്ന യുവാവ് മരുമകളെ ശല്യംചെയ്തത് മകന്‍ മനു എന്ന നിധിന്‍ കൂട്ടുകാരോടൊപ്പം ഉണ്ണിയുടെ  വീട്ടില്‍ പോയി ചോദ്യംചെയ്തിരുന്നു. ഇതിനെതിരെ ഉണ്ണിയുടെ വീട്ടുകാര്‍ തൃക്കുന്നപ്പുഴ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ എസ്‌ഐയുടെ നേതൃത്വത്തില്‍  മനുവിനെ അന്വേഷിച്ച് പൊലീസ് എത്തിയിരുന്നു. നമുവിനെ കൈയ്യില്‍ കിട്ടിയാല്‍ ശരിപ്പെടുത്തുമെന്ന് പൊലീസ് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനു പുറമെ നാലംഗസംഘം മനുവിനെ തിരക്കി വീട്ടിലത്തെുകയും മനുവിനെ മര്‍ദിക്കുമെന്ന്  കൃഷ്ണകുമാറിനോട് ഭീഷണിമുഴക്കുകയും ചെയ്തു. 
 
ഉണ്ണി ഫോണിലൂടെയും നേരിട്ടും  ശല്യംചെയ്യുന്നതായി മരുമകള്‍ ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി കൈക്കൊണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ മനം നൊന്താണ് കൃഷ്ണകുമാര്‍ ആത്മഹത്യചെയ്തതെന്നും  ബന്ധുക്കള്‍ പറഞ്ഞു. തന്റെ മരണത്തിന് എഎസ്‌ഐയും ഉണ്ണിയുമാണ് ഉത്തരവാദിയെന്ന് കത്തില്‍ പറയുന്നു. തന്റെ ആത്മഹത്യകൊണ്ട് കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കട്ടെയെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ക്കും പ്രത്യേകം കത്താണ് എഴുതി വെച്ചത്. ഒരു കത്ത്  വീടിന്റെ ചുമരില്‍ ഒട്ടിച്ചും മറ്റൊന്ന് കട്ടിലിനടിയിലുമാണ് വെച്ചിരുന്നത്.  
Next Article