ബന്ധത്തിന് തടസ്സമായ ഭര്‍ത്താവിനെയും കുഞ്ഞിനെയും അനുശാന്തിയും നിനോയും വകവരുത്തിയത് ഇങ്ങനെ
ശനി, 16 ഏപ്രില്‍ 2016 (12:11 IST)
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളായവര്‍ കുറ്റക്കാരാണെന്ന് കോടതി വെള്ളിയാഴ്ചയാണ് വിധിച്ചത്. ടെക്നോപാർക്ക് ജീവനക്കാരായിരുന്ന നിനോ മാത്യുവും കാമുകി അനുശാന്തിയും കുറ്റക്കാരാണെന്നു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി ഷിർസിയാണ് വിധിച്ചത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും.
പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഗൂഢാലോചനയെ തുടർന്ന് കാമുകൻ കാമുകിയുടെ വീട്ടിലെത്തി അവരുടെ കുഞ്ഞിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ സംഭവം നാട്ടിൽ വൻ കോളിളക്കമുണ്ടാക്കിയിരുന്നു. ഈ അരുംകൊലയ്ക്ക് ഇന്നലെയാണ് രണ്ടു വർഷം തികഞ്ഞത്.
കേസിലെ പ്രതികളായ നിനോ മാത്യുവും അനുശാന്തിയും 2012 മുതല്‍ അയച്ചത് 43,000 മെസേജുകള്‍. ലൈംഗികച്ചുവയുള്ള അശ്ലീലദൃശ്യങ്ങള്‍ മുതല്‍ അശ്ലീല സംഭാഷണങ്ങള്‍ വരെ ഉണ്ടായിരുന്ന ഈ മെസേജുകള്‍ ഇവര്‍ തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെയും കൊലപാതകത്തിന്റെ ഗൂഡാലോചനകളുടെയും നിര്‍ണ്ണായക തെളിവായി മാറുകയായിരുന്നു. ഒരുമിച്ച് ജീവിക്കണമെന്നു നിനോ അനുശാന്തിക്ക് 2014 ഏപ്രില്‍ നാലിനു അയച്ച മെസേജ് ഭര്‍ത്താവ് ലിജീഷ് ചോദ്യം ചെയ്‌തതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
തങ്ങളുടെ സംഗമത്തിനു ലിജീഷും മകൾ സ്വസ്തികയും തടസ്സമാകുമെന്ന ചിന്തയിലാണ് ഇരുവരെയും ഒഴിവാക്കാൻ പ്രതികൾ ഈ സാഹസത്തിനു മുതിർന്നത്. 2013 ഡിസംബറില്‍ നിനോ അനുശാന്തിക്കയച്ച സന്ദേശത്തില്‍ 2013ലെ എന്റെ അവസാന വാഗ്‌ദാനം എനിക്കും നിനക്കും ഇടയില്‍ ഒന്നും കടന്നുവരാന്‍ അനുവദിക്കില്ലെന്ന് പറയുന്നു. നമുക്ക് വേര്‍പിരിയാന്‍ കഴിയില്ല. ഒരുമിച്ച് വീടു വെയ്‌ക്കണമെന്നും മറ്റൊരു സന്ദേശത്തില്‍ പറയുന്നു. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാല്‍ കൂടെ താമസിക്കാം എന്നായിരുന്നു അനുശാന്തി നിനോയോട് പറഞ്ഞത്. ഒരുമിച്ച് ജീവിക്കാമെന്ന് നിനോ മാത്യു പറഞ്ഞപ്പോള്‍ ഭര്‍ത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോള്‍ അത് സാധ്യമല്ലെന്നായിരുന്നു അനുശാന്തിയുടെ മറുപടി.
സംഭവദിവസം നിനോ മാത്യു രാവിലെ തന്നെ ഓഫിസില്‍ നിന്നിറങ്ങി. ആരെങ്കിലും തന്നെ അന്വേഷിച്ചു വന്നാല്‍ താന്‍ ചിട്ടി പിടിക്കാന്‍ പോയതാണെന്ന് പറയണമെന്ന് ഇയാള്‍ അനുശാന്തിയോട് നിര്‍ദേശിച്ചു. തുടര്‍ന്ന് ഒരറ്റം മുറിച്ചു മാറ്റിയ ബെയ്സ്ബോള്‍ സ്റ്റിക്, വെട്ടുകത്തി, മുളകുപൊടി, രക്തം തുടക്കുന്നതിനുള്ള തോര്‍ത്ത് എന്നീ വസ്തുക്കള്‍ തന്റെ ലാപ്റ്റോപ് ബാഗില്‍ കരുതി. കൊലപാതകത്തിനു മുമ്പായി കഴക്കൂട്ടത്തുള്ള ഒരു കടയില്‍ നിന്നും ഇയാള്‍ ചെരുപ്പ് വാങ്ങി. തുടര്‍ന്ന് നിനോ ആറ്റിങ്ങലിലെ ലിജിഷിന്റെ വീട്ടിലെത്തുകയും അദ്ദേഹത്തിന്റെ സുഹൃത്താണെന്ന് ഓമനയോട് പറയുകയും ചെയ്തു.
കൂടാതെ, ലിജീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്താനും ഇയാള്‍ ആവശ്യപ്പെട്ടു. ലിജീഷിനോട് ഫോണില്‍ സംസാരിക്കുകയായിരുന്ന ഓമനയെ ഇയാള്‍ ബെയ്സ്ബോള്‍ സ്റ്റിക് കൊണ്ട് തലയില്‍ അടിച്ചു വീഴ്ത്തി. ഈ സമയം ലിജീഷിന്റെ മകള്‍ സ്വസ്തിക ഓമനയുടെ കയ്യിലായിരുന്നു. കയ്യില്‍ നിന്നും താഴെവീണ കുട്ടിയേയും ഇയാള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തി. കവര്‍ച്ചക്കിടെയാണ് കൊലപാതകം നടന്നതെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടി ഇരുവരുടേയും സ്വര്‍ണ്ണാഭരണങ്ങളും നിനോ മാത്യു കവര്‍ന്നെടുത്തു.
തുടര്‍ന്ന്, അരമണിക്കൂറിനു ശേഷമാണ് ലിജീഷ് വീട്ടിലേക്കെത്തിയത്. ആ സമയം വീടിന്റെ മുന്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിറകുവശത്തു മറ്റും ലിജീഷ് നോക്കി വന്നപ്പോള്‍ മുന്‍ വശത്തെ വാതില്‍ ചെറിയ തോതില്‍ തുറന്നിട്ട നിലയിലായിരുന്നു. ലിജീഷ് അകത്തു കയറിയ ഉടന്‍ തന്നെ നിനോ ലിജീഷിന്റെ നേരെ മുളകുപൊടി വിതറുകയും തുടര്‍ന്ന് വെട്ടുകയും ചെയ്തു. കാതിലും തലയിലും വെട്ടേറ്റ ലിജീഷ് പ്രാണരക്ഷാര്‍ഥം അലറിവിളിച്ച് പുറത്തേക്കോടി. ഈ സമയം നിനോ മാത്യു പുറകു വശത്തെ വാതില്‍ തുറന്ന് മതില്‍ ചാടി ഓടി ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
കൊലപാതകം നടത്തിയ അന്നു രാത്രിതന്നെ നിനോ മാത്യു അറസ്റ്റിലായി. ചോദ്യം ചെയ്യലിനിടയില്‍ നിനോ മാത്യുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകത്തില്‍ അനുശാന്തിയുടെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് അന്നു രാത്രി പതിനൊന്നു മണിയോടെ അനുശാന്തിയേയും പൊലീസ് അറസ്റ്റ് ചെയ്തു. നിനോയുടെ ഭാര്യയ്‌ക്കും ടെക്‌നോപാര്‍ക്കിലായിരുന്നു ജോലി. നിനോയുടേയും അനുശാന്തിയുടെയും വഴിവിട്ട ബന്ധത്തിന് ഭാര്യ മൂകസാക്ഷിയായിരുന്നു.