ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കം: യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍
വ്യാഴം, 25 ഫെബ്രുവരി 2016 (15:51 IST)
ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ രണ്ട് പ്രതികള്‍ പൊലീസ് വലയിലായി. ആലംകോട് വഞ്ചിയൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ അജിത് (25), ആലംകോട് വഞ്ചിയൂര്‍ മേലേ കൈതറ വീട്ടില്‍ അജേഷ് (28) എന്നിവരാണ് ആറ്റിങ്ങല്‍ പൊലീസ് പിടിയിലായത്.
ഫെബ്രുവരി രണ്ടാം തീയതി വഞ്ചിയൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഇവര്‍ പരുമ്പള്ളി സ്വദേശി അനുവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചതായാണു കേസ്. ഗുരുതരമായി പരിക്കേറ്റ അനു ഇപ്പോഴും ചികിത്സയിലാണ്.
ആറ്റിങ്ങല്‍ സി ഐ വി എസ് ബിജു, എസ് ഐമാരായ ശ്രീജിത്ത്, ദീപു, സുനില്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് ഒളിവിലായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്തത്.