ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാര്‍; ശിക്ഷാവിധി നാളെ

വെള്ളി, 15 ഏപ്രില്‍ 2016 (11:37 IST)
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു, അനുശാന്തി എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കൊലപാതകം നടന്ന് രണ്ടുവര്‍ഷം പൂര്‍ത്തിയാകാനിരിക്കേയാണ് വിധി വന്നിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷയെക്കുറിച്ചുള്ള വാദം ഇന്ന് മൂന്നുമണിക്ക് നടക്കും. 
 
ടെക്‌നോപാര്‍ക്ക് ജീവനക്കാരായ അനുശാന്തി, നിനോ മാത്യു എന്നിവര്‍ ഒരുമിച്ചു ജീവിക്കുന്നതിനു വേണ്ടി അനുശാന്തിയുടെ മകളെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുകയായിരുന്നു. അനുശാന്തിയുടെ ഭര്‍ത്താവ് ലതീഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ലതീഷ് രക്ഷപ്പെടുകയായിരുന്നു. നിനോമാത്യുവിനെതിരെ കൊലപാതകം, ഗൂഢാലോചനാക്കുറ്റം എന്നിവ തെളിഞ്ഞതായും അനുശാന്തിക്കെതിരെ ഗൂഢാലോചനാക്കുറ്റം തെളിഞ്ഞതായും കോടതി നിരീക്ഷിച്ചു.
 
സംഭവം ഇങ്ങനെ: 2014 ഏപ്രില്‍ 16 നാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ നിനോ മാത്യുവും കാമുകി അനുശാന്തിയും ഒരുമിച്ച് ജീവിക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നാണ് കുറ്റപത്രം. 
 
2014 ഏപ്രില്‍ 16 ന് കൊലനടത്താനായി നിനോ മാത്യു അനുശാന്തിയുടെ വീട്ടിലെത്തുകയായിരുന്നു. ഇതിനു മുമ്പായി വീടിന്റെ സ്കെച്ചും വീട്ടിലേക്കുള്ള വഴിയും അനുശാന്തി നിനോ മാത്യുവിന് കൈമാറിയിരുന്നു. നിനോ മാത്യു വീട്ടിലെത്തുമ്പോള്‍ അനുശാന്തിയുടെ നാല് വയസുള്ള മകള്‍ സ്വാസ്തികയും ഭര്‍ത്താവ് ലതീഷിന്റെ മാതാവ് ഓമനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
 
ലതീഷിന്റെ സുഹൃത്താണെന്ന് നിനോ പറഞ്ഞതനുസരിച്ച് ഓമന ലതീഷിനെ ഫോണില്‍ വിളിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ നിനോ നാല് വയസ്സുള്ള കുഞ്ഞിനെയും ഓമനയെയും വെട്ടിക്കൊലപ്പെടുത്തി. തൊട്ട് പിന്നാലെ വീട്ടിലെത്തിയ ലതീഷിന്റെ മുഖത്ത് നിനോ മുളക്‌പൊടി വിതറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റിയതിനാല്‍ രക്ഷപെടുകയായിരുന്നു.
 
ലതീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലനടത്തിയ നിനോയെ തിരിഞ്ഞറിഞ്ഞ പൊലീസ് അന്ന് രാത്രി തന്നെ ഇയാളെ പിടികൂടുകയായിരുന്നു. തൊട്ട് പിന്നാലെ അനുശാന്തിയേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക