നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്ത് പോലീസ് അന്തിമ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കും

ശ്രീനു എസ്

തിങ്കള്‍, 25 ജനുവരി 2021 (08:40 IST)
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ഇതുസംബന്ധിച്ച അന്തിമ ആക്ഷന്‍ പ്ളാന്‍ അടുത്തയാഴ്ചയോടെ പോലീസ് സമര്‍പ്പിക്കും. കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രതിനിധികള്‍ എത്തുന്നതിന് മുമ്പ് രൂപരേഖ തയ്യാറാക്കേണ്ടതുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
 
ഇത്തവണ പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താവും പോലീസിന്റെ അന്തിമ ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കുക. പോലീസിന്റെയും കേന്ദ്ര സേനകളുടെയും വിന്യാസം, ക്രമസമാധാന പാലനം, കള്ളവോട്ടു തടയല്‍, പ്രശ്നബാധിത പ്രദേശങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്മപ്പെട്ടുള്ള പോലീസിന്റെ പ്രഥമിക രൂപരേഖ എ. ഡി. ജി. പി മനോജ് എബ്രഹാം യോഗത്തില്‍ അവതരിപ്പിച്ചു.
 
വടക്കന്‍ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. കള്ളവോട്ട് തടയുന്നതിന് ആവശ്യമായ ക്രമീകരണവും ഏര്‍പ്പെടുത്തും. പോലീസിന്റെ യോഗത്തില്‍ എ. ഡി. ജി. പി പത്മകുമാര്‍, വിജയ് സാഖറെ, ഐ. ജി പി. വിജയന്‍ എന്നിവരും പങ്കെടുത്തു.
 
തിരഞ്ഞെടുപ്പ് വേളയില്‍ ഹവാല പണവും മദ്യവും മയക്കുമരുന്നും ഒഴുക്കുന്നതിന് തടയിടാനുള്ള നടപടികളും വിവിധ ഏജന്‍സികളുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച ചെയ്തു. പോലീസിന് പുറമെ ആദായനികുതി, വില്‍പന നികുതി, വനം വകുപ്പ്, സി. ആര്‍. പി. എഫ് ഉദ്യോഗസ്ഥര്‍ ഈ യോഗത്തില്‍ സംബന്ധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍