Asha Sharath: 'ചെയ്യുന്ന ജോലിക്ക് വേതനം ചോദിച്ചത് തെറ്റല്ല, അത് അവകാശമാണ്'; ആശാ ശരത്

രേണുക വേണു

ചൊവ്വ, 10 ഡിസം‌ബര്‍ 2024 (08:52 IST)
V Sivankutty and Asha Sharath

Asha Sharath: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു നൃത്തം പഠിപ്പിക്കാന്‍ ഒരു പ്രമുഖ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് നടി ആശാ ശരത്. വേതനം ചോദിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നും അതില്‍ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ആശാ ശരത് പറഞ്ഞു. കലോത്സവത്തിനു നൃത്തം പഠിപ്പിക്കാന്‍ സിനിമാക്കാര്‍ തന്നെ വേണമെന്ന് ചിന്തിക്കുന്നത് എന്തിനാണെന്നും നടി ചോദിച്ചു. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആശാ ശരത്. 
 
' വേതനം ചോദിച്ചത് തെറ്റാണെന്നു പറയാന്‍ സാധിക്കില്ല. ചെയ്യുന്ന ജോലിയുടെ വേതനം അവകാശമാണ്. സിനിമയ്ക്കും ഡാന്‍സിനുമെല്ലാം കലാകാരന്മാര്‍ തന്നെയാണ് അവരുടെ വേതനം നിശ്ചയിക്കുന്നത്. അത് ആ ജോലികളുടെ മാത്രം പ്രത്യേകതയാണ്. ഏത് കലാകാരിയാണ് അഞ്ച് ലക്ഷം രൂപ ചോദിച്ചതെങ്കിലും അവരെ കുറ്റം പറയാന്‍ പറ്റില്ല,' ആശാ ശരത് പറഞ്ഞു. 
 
സിനിമാക്കാര്‍ തന്നെ നൃത്തം പഠിപ്പിക്കാന്‍ വേണമെന്നുള്ള ചിന്താഗതി മാറ്റണം. വലിയ കലാസമ്പത്തുള്ള നാടാണ് കേരളം. ഒരുപാട് കലാതിലകങ്ങളും പ്രതിഭകളുമുണ്ട്. കലോത്സവത്തിനു ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയവര്‍ തന്നെ ആകണമെന്നില്ല. ആര് പഠിപ്പിച്ചാലും അത് മതിയെന്നും ആശാ ശരത് കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം കലോത്സവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. 'അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ചത് എന്നോടു നേരിട്ടല്ല, പ്രസ് സെക്രട്ടറി രാജീവിനോടാണ്. സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ഇത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പ്രമുഖര്‍ പൊതുവെ പ്രതിഫലം വാങ്ങാതെയാണ് വരാറുള്ളത്. പതിനായിരക്കണക്കിനു കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. കലോത്സവം തുടങ്ങാനിരിക്കുന്നതേയുള്ളൂ. അതിനിടയില്‍ വിവാദങ്ങള്‍ക്കില്ല. അതുകൊണ്ട് വെഞ്ഞാറമൂട് സാംസ്‌കാരിക പരിപാടിയില്‍ നടത്തിയ പ്രസ്താവന പിന്‍വലിക്കുകയാണ്. ഇതോടുകൂടി എല്ലാ ചര്‍ച്ചയും അവസാനിക്കട്ടെ. നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്താന്‍ ആരേയും ഇതുവരെ ഏല്‍പ്പിച്ചിട്ടില്ല. നേരത്തെയും സെലിബ്രിറ്റികളെ കൊണ്ടുവന്നിരുന്നു. പ്രതിഫലം വാങ്ങാതെയാണ് അവരെല്ലാം വന്നത്,' മന്ത്രി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍