നാട്ടുകാര്‍ വെയിലത്ത് കെട്ടിയിട്ടതിനെ തുടര്‍ന്ന് മരിച്ച അസം സ്വദേശിയായ കൈലാഷ് ജ്യോതി ബെഹ്‌റ 36 മണിക്കൂര്‍ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കൂടാതെ, ശരീരത്തിലും തലയിലുമുണ്ടായ രക്തസ്രാവം മരണകാരണമായെന്നാണ് നിഗമനം.
പരുക്കേറ്റ് ഏറെ നേരം കഴിഞ്ഞിട്ടും ചികിത്സ ലഭിക്കാഞ്ഞതും ജീവന്‍ നഷ്‌ടപ്പെടാന്‍ കാരണമായി. മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നില്ല. എന്നാല്‍, തൊലിയുടെ താഴെയുള്ള ചെറിയ രക്തക്കുഴലുകള്‍ക്ക് ചതവ് സംഭവിക്കാനും ഇതുവഴി രക്തസ്രാവമുണ്ടാകാനും ഇത് കാരണമായതും മരണകാരണമായി.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വടി പോലെയുള്ളാ ആയുധം ഉപയോഗിച്ച് തല്ലിയതു പോലെയുള്ള ചതവുകള്‍ ഉണ്ട്. ശരീരത്തില്‍ 12 മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഒരാളെ ചിങ്ങവനം പൊലീസ് അറസ്റ്റു ചെയ്തു.
കുറിച്ചി ചിറവംമുട്ടം വീരാളശേരില്‍ വര്‍ഗീസ് (70) ആണ് അറസ്റ്റിലായത്. സമീപവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്‌തുവരികയാണ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു മുപ്പതു വയസുള്ള കൈലാഷ് ജ്യോതി ബെഹ്‌റയെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ വഴിയരികില്‍ കണ്ടെത്തിയത്.
അവശനിലയില്‍ വായില്‍ നിന്ന് നുരയും പതയും ഒഴുകുന്ന നിലയിലായിരുന്നു ആ സമയത്ത് കൈലാസ്. ചിങ്ങവനം പൊലീസ് എത്തി ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.