അരുവിക്കരയില്‍ ആരുജയിച്ചാലും നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തും
തിങ്കള്‍, 29 ജൂണ്‍ 2015 (19:27 IST)
അരുവിക്കരയില്‍ ആരുജയിച്ചാലും നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്ന് സൂചനകള്‍. അരുവിക്കര ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെ പ്രശ്നമായതിനാല്‍ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പാര്‍ട്ടിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ക്ക് തടയിടാനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കാം നടക്കുന്നത്.
അരുവിക്കരയില്‍ യുഡിഎഫ് തോറ്റാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പാളയത്തില്‍ തന്നെ പടയൊരുക്കം തുടങ്ങും. നേതൃമാറ്റം ഉള്‍പ്പെടെയുള്ള കലാപങ്ങള്‍ പാര്‍ട്ടിക്ക് ഉള്ളിലും മുന്നണിയിലും ഉണ്ടാകും. അതിനാല്‍ അടുത്തുതന്നെ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റ്റെ കൂടെ നിയമസഭാ തെര്‍ഞ്ഞെടുപ്പും നടത്താനാണ് എ ഗ്രൂപ്പിന്റെ തീരുമാനം. അരുവിക്കരയിലെ തോല്‍വി മുന്നണിയിലെ നേതൃമാറ്റത്തിനു വഴിതുറക്കുകയാണെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന തിരിച്ചടി മറികടക്കാനാണ് പുതിയ നീക്കം.
സര്‍ക്കാരിലെ അഴിമതിക്കാരെ ഉമ്മന്‍ചാണ്ടി സഹായിക്കുന്നുവെന്ന പരാതി ഐ ഗ്രൂപ്പിനുണ്ട്. അവര്‍ അത് പരസ്യമായി പ്രകടിപ്പിച്ചിരുന്നതുമാണ്. നേരത്തെമുതല്‍ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടായിരുന്നു. അരുവിക്കരയില്‍ പരാജയം ഉണ്ടായാല്‍ ഈ ആവശ്യം ശക്തമാകും. അത് നേതൃമാറ്റത്തിലേക്ക് വരെ പോകുകയും ചെയ്യും. എന്നാല്‍ അരുവിക്കരയില്‍ യുഡിഎഫ് വിജയിച്ചാല്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തിയായി മാറും. ഈ സാഹചര്യം മുതലാക്കി നിയമസഭാതെരഞ്ഞെടുപ്പ് നേരത്തെയാക്കാനായിരിക്കും ഉമ്മന്‍ചാണ്ടി ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പ് നല്‍കിയ മേല്‍കൈ ഉപയോഗിച്ച് അദ്ദേഹത്തിന് തന്നെ മുന്നോട്ടുപോകാം.
ഇനി അരുവിക്കരയില്‍ പരാജയം രുചിച്ചാല്‍ പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും ഉണ്ടാകാവുന്ന സമ്മര്‍ദ്ദം മറികടക്കുന്നതിന് വേണ്ടി നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ശിപാര്‍ശചെയ്യാനും ഉമ്മന്‍ചാണ്ടി ആലോചിക്കുന്നുണ്ട്. അങ്ങനെയായാല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന കനത്ത തിരിച്ചടിയില്‍ നിന്ന് അധികം പരുക്കേല്‍ക്കാതെ രക്ഷപ്പെടാമെന്നും ചാണ്ടി കണക്കുകൂട്ടുന്നു. അതിനാലാണ് അരുവിക്കര തെര്‍ഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനുള്ള വിലയിരുത്തലാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നത്.
അരുവിക്കരയില്‍ ബിജെപി ഒ രാജഗോപാലെന്ന ശക്തനായ സ്ഥാനാര്‍ത്തിയെ നിര്‍ത്തിയതിലാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതീക്ഷ. എല്‍ഡിഎഫിനു ലഭിക്കേണ്ട ഭരണ വിരുദ്ധ വോട്ടുകള്‍ ബിജെപികൂടി വീതിച്ചെടുക്കുമെന്നതിനാല്‍ വിജയപ്രതീക്ഷയിലാണ് എ ഗ്രൂപ്പ്. എന്തായാലും ഈ തെരഞ്ഞെടുപ്പ്ഫലം കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നതാകും.