മുന്‍ഭരണസമിതിയുടെ നേട്ടങ്ങള്‍ ഇവര്‍ സ്വന്തമാക്കി; ഇപ്പോള്‍ പറയുന്ന പദ്ധതികളില്‍ പലതും ഗണേഷ് കുമാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയത് - അഞ്ജു എട്ടുകാലി മമ്മൂഞ്ഞ് ചമയരുതെന്ന് പത്മിനി തോമസ്
തിങ്കള്‍, 13 ജൂണ്‍ 2016 (08:39 IST)
കായികമന്ത്രി ഇപി ജയരാജനെതിരെ ഏറ്റുമുട്ടിയ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ് രംഗത്ത്. മുന്‍ ഭരണസമിതിയുടെ പദ്ധതികള്‍ സ്വന്തം പദ്ധതിയായി അവതരിപ്പിക്കുകയാണ് അഞ്ജു ചെയ്‌തത്. കെബി ഗണേഷ് കുമാര്‍ കായികമന്ത്രിയായിരിക്കെ ആരംഭിച്ച പദ്ധതികള്‍ താന്‍ കൊണ്ടുവന്നതാണെന്ന് അഞ്ജു അവകാശപ്പെടുകയാണെന്നും പത്മിനി വ്യക്തമാക്കി.
മുന്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ കൈക്കലാക്കിയ അഞ്ജു എട്ടുകാലി മമ്മൂഞ്ഞ് ചമയരുത്. അഴിമതിയും ധൂര്‍ത്തും അവസാനിപ്പിക്കുകയായിരുന്നു വേണ്ടത്. കൌണ്‍സിലിന്റെ നേട്ടങ്ങള്‍ വിവരിച്ച് അഞ്ജു കായികമന്ത്രിക്ക് റിപ്പോര്‍ട്ട് അയച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയ കാര്യങ്ങളും നേട്ടങ്ങളുമെല്ലാം മുന്‍ ഭരണസമിതിയുടേതാണ്. വിദേശ പരിശീലകനെ നിയമിക്കാനുള്ള തീരുമാനവും തന്റെ കാലത്ത് എടുത്തതാണെന്നും പത്മിനി പറഞ്ഞു.
ഗണേഷ് കുമാര്‍ കായികമന്ത്രിയായിരുന്നപ്പോള്‍ ആണ് കായികതാരങ്ങള്‍ക്ക് പ്രതിമാസം 10,000 രൂപ നല്‍കുന്ന അബ്ദുല്‍ കലാം സ്കോളര്‍ഷിപ് പദ്ധതിയും ക്വാളിറ്റി ട്രെയിനിംഗ് കിറ്റുമെല്ലാം ആരംഭിച്ചത്. നീന്തല്‍, വോളിബാള്‍, ഫെന്‍സിങ് എന്നിവയ്‌ക്കും പ്രത്യേകം പരിശീലകരെ നിയമിച്ചതും മുന്‍ ഭരണസമിതിയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജിലന്‍സിനെകൊണ്ട് അന്വേഷിപ്പിക്കണമെന്ന അഞ്ജുവിന്റെ അഭ്യര്‍ഥന നല്ലതാണെന്നും പത്മിനി പറഞ്ഞു.