തമിഴ്നാട്ടില്‍ നിന്നെത്തിയ മിനിബസില്‍ നിന്ന് കൈക്കൂലി വാങ്ങിയതുമായി സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിലെ താത്കാലിക ജീവനക്കാരനെ മര്‍ദ്ദിച്ച എ എം വിയെ വകുപ്പ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച പാറശാല കുറുംകുട്ടി ആര്‍ ടി ഒ ചെക്ക് പോസ്റ്റിലായിരുന്നു താത്കാലിക ജീവനക്കാരനെ എ എം വി മര്‍ദ്ദിച്ചത്.
ബസിലെ പെര്‍മിറ്റില്‍ പറഞ്ഞതില്‍ കൂടുതല്‍ സീറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനത്തിനു പിഴയിടാതിരിക്കാനായി ഡ്യൂട്ടി എ എം വി 500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. എന്നാല്‍ വാഹനത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറഞ്ഞ യാത്രക്കാരാണുള്ളതെന്നും അവരെ വിട്ടയയ്ക്കണമെന്നും താത്കാലിക ജീവനക്കാരനായ ദിലീപ് കുമാര്‍ ആവശ്യപ്പെട്ടു.
ഇതില്‍ കുപിതനായാണ് എം എം വി സുനില്‍ കുമാര്‍ ദിലീപ് കുമാറിനെ മര്‍ദ്ദിച്ചത്. മുഖത്തും കണ്ണിലും പരിക്കേറ്റ ദിലീപ് കുമാര്‍ പിന്നീട് പാറശാല ആശുപത്രിയില്‍ ചികിത്സ നടത്തുകയും ചെയ്തു. തുടര്‍ന്ന് ദിലീപ് ആര്‍ ടി ഒ യ്ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ ഇതിനു ശേഷം ദിലീപിനെ താത്കാലിക ജീവനക്കാരന്‍ എന്ന നിലയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. പക്ഷെ എ എം വി സുനില്‍ കുമാര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെ വകുപ്പ് മന്ത്രി ഇടപെട്ട് അന്വേഷണം നടത്തിയാണ് സസ്പെന്‍ഷന്‍ ഉത്തരവിട്ടത്.