ആലുവ കൂട്ടക്കൊല; ഏക പ്രതി ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (12:05 IST)
ആലുവ കൂട്ടക്കൊലക്കേസിലെ ഏക പ്രതി ആന്‍റണിക്ക് വധശിക്ഷയില്ല. ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുവെന്ന പുതിയ വിധിയാണ് വന്നിരിക്കുന്നത്. ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. 
 
ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്‌കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്‌റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.
 
വിദേശത്തു ജോലിക്കു പോകാൻ പണം നൽകാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടിൽ പതിയിരുന്ന് ഒറ്റയ്‌ക്കു വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article