കുമ്മനം വരുമോ, വരാതിരിക്കില്ല; വന്നാല്‍ ശ്രീധരന്‍പിള്ള ‘കറിവേപ്പില’ ? - ശബരിമല വിഷയത്തില്‍ ബിജെപിയില്‍ വന്‍ പ്രതിസന്ധി

തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (15:10 IST)
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത ശക്തമാകുകയാണ്. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ തീരുമാനങ്ങളും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ അറസ്‌റ്റുമാണ് പാര്‍ട്ടിയില്‍ ഭിന്നത ശക്തമാക്കിയത്.

ശബരിമലയെന്ന സുവര്‍ണ്ണാവസരം മുതലെടുക്കാന്‍ ശ്രീധരന്‍ പിള്ളയ്‌ക്ക് സാധിക്കുന്നില്ലെന്ന ആരോപണം ശക്തമായിരിക്കെ മുൻ ബിജെപി അധ്യക്ഷനും ഇപ്പോഴത്തെ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെ തിരിച്ചെത്തിച്ച് പ്രതിഷേധത്തിന്റെ നായകനാക്കണമെന്ന ആവശ്യം ബിജെപിയില്‍ ശക്തമായി.

ശബരിമല പ്രതിഷേധം കുമ്മനം രാജശേഖരനെ ഏല്‍പ്പിക്കണമെന്ന് വാശിപിടിക്കുന്നത് ആര്‍ എസ് എസ് ആണെന്നാണ് റിപ്പോര്‍ട്ട്. ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനാകുകയും വി മുരളീധരന്‍ എംപിയായി സംസ്ഥാനം വിടുകയും ചെയ്‌തതോടെ പാര്‍ട്ടിയിലുണ്ടായ  തർക്കവും അധികാര പിടിവലികളും കുമ്മനത്തിന്റെ വരവോടെ ഇല്ലാതാകുമെന്നും ശബരിമല സമരം കൂടുതല്‍ ശക്തമാകുമെന്നും ആര്‍ എസ് എസ് നേതൃത്വം വിശ്വസിക്കുന്നുണ്ട്.

മിസോറാമിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കുമ്മനം കേരളത്തിലേക്ക് തിരിച്ചെത്തിക്കണമെന്നാണ് ആവശ്യം. അങ്ങനെ സംഭവിച്ചാല്‍ സംസ്ഥാന ബിജെപിയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകും. ഈ നീക്കം വിഭാഗീയത വര്‍ദ്ധിപ്പിക്കുമെന്നും അമിത് ഷാ വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശ്രീധരൻപിള്ളയെ നിലനിര്‍ത്തിക്കൊണ്ട് തന്നെ എൻഡിഎ കൺവീനർ സ്ഥാനമോ കേന്ദ്രപദവികളോ കുമ്മനത്തിന് നൽകാനാണ് ആലോചന.

നിലവിലെ സംസ്ഥാന നേതൃത്വത്തിനോട് പ്രതിപത്തിയില്ലാത്തതും ശ്രീധരന്‍ പിള്ളയുടെ പിഴയ്‌ക്കുന്ന വാക്കുകളുമാണ് ആര്‍എസ്എസിനെ ചൊടിപ്പിക്കുന്നത്. സുരേന്ദ്രന്റെ അറസ്‌റ്റില്‍ മൌനം പാലിച്ചതും ശബരിമല സമരം മുന്നില്‍ നിന്ന് നയിക്കുന്നതില്‍ മടി കാണിക്കുന്നതുമാണ് സംസ്ഥാന അധ്യക്ഷനെതിരെ തിരിയാന്‍ ആര്‍ എസ് എസിനെ പ്രേരിപ്പിച്ചത്. ബിജെപിയിലെ ഒരു വിഭാഗവും സമാന ചിന്താഗതിയുള്ളവരാണ്.

ശ്രീധരൻപിള്ളയും കുമ്മനവും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ശബരിമല വിഷയം നേട്ടമാകുമെന്ന വിലയിരുത്തല്‍ ഉണ്ടെങ്കിലും ഈ നീക്കം അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതലാക്കും. ശബരിമലയില്‍ നിന്ന് പ്രതിഷേധം മാറ്റാനുണ്ടായ തീരുമാനം പരാജയമായിരുന്നുവെന്നാണ് ഭൂരിഭാഗം നേതാക്കളും വാദിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ കേന്ദ്രനേതൃത്വത്തിന് മുന്നിൽ ശക്തമായ സമ്മർദ്ദമാണ് ആർഎസ്എസ് ചുമത്തുന്നതെന്നും വിവരമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍