ശബരിമലയില്‍ പ്രവേശിക്കരുത്; കെ സുരേന്ദ്രനും 69 പേര്‍ക്കും ഉപാധികളോടെ ജാമ്യം
ശബരിമലയിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം.
ശബരിമലയിലേക്കു പോകരുതെന്നും രണ്ട് മാസത്തേക്ക് റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്നും പത്തനംതിട്ട മുൻസിഫ് കോടതി വ്യക്തമാക്കി. 50000 രൂപയുടെ വീതം ആൾ ജാമ്യം നൽകണം. കോടതി നിർദേശങ്ങൾ അനുസരിക്കാമെന്നു അഭിഭാഷകൻ അറിയിച്ചു.
ഇതേ ഉപാധികളോടെ അറസ്റ്റിലായ 69 പേർക്കുകൂടി ജാമ്യം അനുവദിച്ചു.
സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ അറിയിച്ചു.
ശബരിമല നിലയ്‌ക്കൽ വച്ചാണ് എസ്‌പി യതീഷ് ചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തത്.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്‌റ്റ് ചെയ്‌തത്. 14 ദിവസത്തേക്കു കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് ചെയ്‌തിരുന്നു. പൊലീസിന്‍റെ ജോലി തടസ്സപ്പെടുത്തിയതിന് ഐപിസി 353 വകുപ്പാണു ചുമത്തിയത്.