ഗൗരിയമ്മയെ അനുനയിപ്പിക്കാൻ സി പി എം ശ്രമം; കോർപറേഷൻ ചെയർമാൻ, ബോർഡ് എന്നീ സ്ഥാനങ്ങൾ നൽകാമെന്ന് വാഗ്ദാനം
ബുധന്‍, 30 മാര്‍ച്ച് 2016 (07:34 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്നു കടുത്ത അമര്‍ഷത്തിലായ ജെ എസ് എസ് നേതാവ് കെ ആർ ഗൗരിയമ്മയെ അനുനയിപ്പിക്കാൻ സി പി എം ശ്രമം തുടങ്ങി. ഇടതുമുന്നണി അധികാരത്തിലെത്തുകയാണെങ്കില്‍ കോർപറേഷൻ ചെയർമാൻ, ബോർഡ് എന്നീ സ്ഥാനങ്ങൾ നൽകാമെന്ന വാഗ്ദാനമാണ് സി പി എം മുന്നോട്ടുവച്ചത്.
കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെ എസ് എസ് ഗൗരിയമ്മ വിഭാഗം നേതാക്കളുമായി ചർച്ച നടത്തി. സി പി എമ്മിന്റെ ഏതെങ്കിലും സീറ്റിൽ ഗൗരിയമ്മ നർദേശിക്കുന്ന ജെ എസ് എസ് പ്രതിനിധിയെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിപ്പിക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഗൗരിയമ്മ ഇതുവരേയും പരസ്യപ്രതികരണത്തിനു തയാറാകാത്തതെന്നാണ് അടുത്ത വൃത്തങ്ങൾ നല്‍കുന്ന സൂചന. ഭാവികാര്യങ്ങൾ തീരുമാനികുന്നതിനായി ജെ എസ് എസ് സംസ്ഥാന സെന്റർ ഇന്നു യോഗം ചേരും. സി പി എം സീറ്റ് നിഷേധിച്ചതിനെ തുടർന്നു നീരസത്തിലായ കെ ആർ ഗൗരിയമ്മ ജെ എസ് എസ് ഒറ്റയ്ക്കു മൽസരിക്കണമെന്ന അഭിപ്രായത്തിലുറച്ചു നില്‍ക്കുകയാണ്‍.
ചേർത്തല, കായംകുളം, അരൂർ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തണമെന്ന നിലപാടിലാന് ഗൗരിയമ്മ. അതിനിടെ, ജെ എസ് എസ് രാജൻബാബു വിഭാഗം നേതാക്കൾ ഗൗരിയമ്മ വിഭാഗത്തിലെ നേതാക്കളുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.ഗൗരിയമ്മ വിഭാഗം സ്ഥാനാർഥികളെ നിർത്തുന്ന മണ്ഡലങ്ങളിൽ എൻ ഡി എ പിന്തുണ നൽകാമെന്നും ഗൗരിയമ്മയുമായി ധാരണയിൽ പോകാമെന്നുമാണ് അവര്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ ഗൗരിയമ്മയെ സമ്മർദത്തിലാക്കി സി പി എമ്മിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതിയാണു സി പി എം ഒരുക്കുന്നതെന്നാണു സൂചന. ഗൗരിയമ്മ സി പി എമ്മിലേക്കു തിരിച്ചുവരണമെന്നാണു പാർട്ടി നിലപാടെന്നു കഴിഞ്ഞ ദിവസം സി പി എം നേതാക്കൾ വ്യക്തമാക്കിയിരുന്നു. കൂടാതെ സി പി എമ്മുമായി സഹകരിച്ചു പോകാനാണു ഗൗരിയമ്മ വിഭാഗം നേതാക്കളിൽ ഭൂരിപക്ഷത്തിനും താൽപര്യം.
ഗൗരിയമ്മ ചോദിച്ച നാലു സീറ്റുകളും നൽകാനാവില്ലെന്നും ആലപ്പുഴ, കൊല്ലം ജില്ലകളിൽ വിട്ടുനൽകാൻ സീറ്റുകളില്ലെന്നും സി പി എം പറയുന്നു. പാർട്ടി വിട്ടുപോയവരെ ഘടകകക്ഷിയാക്കാൻ സാധിക്കില്ലെന്നും വിജയസാധ്യതയുള്ള സ്ഥാനാർഥികൾ ജെ എസ് എസിൽ ഇല്ലെന്നുമുള്ള വിശദീകരണമാണ് ഉന്നത സി പി എം നേതാവ് ഗൗരിയമ്മ വിഭാഗം നേതാക്കൾക്കു നൽകിയത്. ഏതാനും മാസം മുൻപു ലയനചർച്ചയ്ക്കെത്തിയ പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ ഗൗരിയമ്മ നിരാശരാക്കി മടക്കിയിരുന്നു. ഇതിലെ വിദ്വേഷം സി പി എമ്മിലെ ഒരു വിഭാഗം പ്രകടമാക്കിയതാണെന്നും കരുതുന്നവർ ജെ എസ് എസിൽ ഉണ്ട്. സി പി എമ്മിലേക്കു മടങ്ങാൻ ഗൗരിയമ്മ തയാറായിരുന്നു. പക്ഷേ, സി പി എമ്മിൽ ലയിച്ചാൽ രാജൻബാബു വിഭാഗം പാർട്ടിയുടെ സ്വത്തിന് അവകാശം ഉന്നയിക്കുമെന്ന ഭീതിയാണ് ആ ലയനത്തിനു തടസ്സമായത്.