ശശീന്ദ്രനെ കുടുക്കിയ ചാനല്‍ ജീവനക്കാരെ അറസ്‌റ്റ് ചെയ്‌തേക്കും; തടയില്ലെന്ന് ഹൈക്കോടതി - മംഗളം പ്രതിസന്ധിയില്‍
തിങ്കള്‍, 3 ഏപ്രില്‍ 2017 (15:30 IST)
മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദത്തില്‍ മംഗളം ചാനല്‍ കൂടുതല്‍ കുരുക്കിലേക്ക്. പെണ്‍കെണി ഒരുക്കിയ സംഭവത്തിൽ ചാനൽ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ പ്രതികൾ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്നും കോടതി പറഞ്ഞു.
ചാനല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനൽകാനാവില്ലെന്ന് സർക്കാരും കോടതിയിൽ അറിയിച്ചു. ചാനല്‍ മേധാവി ആര്‍ അജിത്കുമാര്‍ അടക്കം ചാനലിലെ ഒമ്പത് പേരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അതേസമയം, പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
ഞായറാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാമെന്ന് സമ്മതിച്ച പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരെ പറ്റിച്ചെന്ന് ഡിജിപി പറഞ്ഞു. നോട്ടീസ് ലഭിക്കാത്തതിനാലാണ് പ്രതികള്‍ ഹാജരാകാതിരുന്നതെന്ന മറുപടിയാണ് പ്രതിഭാഗം അഭിഭാഷകന്‍ നല്‍കിയത്.
ശശീന്ദ്രനെ കുടുക്കുന്നതിനു പെണ്‍കെണി ഒരുക്കിയ സംഭവത്തിൽ ജുഡീഷൽ അന്വേഷണത്തിൽ ടേംസ് ഓഫ് റഫറൻസ് തയാറാക്കിയിരുന്നു. അഞ്ചു കാര്യങ്ങളാണ് ജസ്റ്റീസ് പിഎ ആന്‍റണി കമ്മിഷൻ അന്വേഷണ വിധേയമാക്കുന്നത്.