നന്മയെക്കുറിച്ച് പറയാന്‍ മുനീറിന് എന്ത് യോഗ്യത? - കാപട്യം നിറഞ്ഞ ചാനല്‍ മുതലാളിയുടെ ചിരിക്കുള്ള മറുപടി മെയ് 19ന് അറിയാമെന്നും എതിര്‍സ്ഥാനാര്‍ത്ഥിയും ഇന്ത്യാവിഷനിലെ മുന്‍ ഡ്രൈവറുമായ സാജന്‍

ബുധന്‍, 27 ഏപ്രില്‍ 2016 (12:14 IST)
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൌത്ത് മണ്ഡലത്തെ പ്രത്യേകതയുള്ളതാക്കി തീര്‍ക്കുന്നത് മുതലാളിക്കെതിരെ തൊഴിലാളി മത്സരിക്കുന്നു എന്നതാണ്. ഇന്ത്യാവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ ആയിരുന്ന എം കെ മുനീറിനെതിരെ സ്ഥാപനത്തിലെ ഡ്രൈവര്‍ ആയിരുന്ന എ കെ സാജന്‍ ആണ് മത്സരിക്കുന്നത്. 2015 ഫെബ്രുവരിയില്‍ ആയിരുന്നു ഇന്ത്യാവിഷന്‍ ചാനല്‍ അടച്ചുപൂട്ടിയത്. മാസങ്ങളായി ശമ്പളം കിട്ടാതെ ചാനല്‍ അടച്ചുപൂട്ടിയപ്പോള്‍ ജോലി നഷ്‌ടമായ അനേകം പേരുടെ പ്രതിനിധിയായാണ് സാജന്‍ കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ മുനീറിനെതിരെ മത്സരിക്കുന്നത്.
 
മത്സരത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയാണ് നടക്കുന്നത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇതിനകം തന്നെ സാജന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. താന്‍ ജയിക്കാന്‍ വേണ്ടിയല്ല മത്സരിക്കുന്നതെന്നും തോല്‍ക്കാതിരിക്കാന്‍ വേണ്ടിയാണെന്നും സാജന്‍ പറഞ്ഞിരുന്നു. നന്മയെക്കുറിച്ച് പറയാന്‍ എം കെ മുനീറിന് എന്ത് യോഗ്യതയെന്നാണ് സാജന്‍ ചോദിക്കുന്നത്. 
 
ഒരുപാട് പേരുടെ വിയര്‍പ്പും രക്തവും വീണ് ഉയര്‍ന്നൊരു ചാനലിനെ പിഎഫ് പോലും അടയ്ക്കാതെ കയ്യിട്ട് വാരുകയും ചെയ്ത മന്ത്രി എം കെ മുനീറിന് എന്ത് നന്മയാണുള്ളതെന്നാണ് സാജന്‍ ചോദിക്കുന്നത്. ഫേസ്‌ബുക്ക് സ്റ്റാറ്റസിലാണ് സാജന്‍ വീണ്ടും മുനീറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.  കാപട്യം നിറഞ്ഞ ചാനല്‍ മുതലാളിയുടെ ചിരിക്കുള്ള മറുപടി മെയ് 19ന് അറിയാമെന്നും ഫേസ്‌ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. 
 
എ കെ സാജന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ നിന്ന്
 
“നന്മയെക്കുറിച്ച് പറയാന്‍ എം കെ മുനീറിന് എന്ത് യോഗ്യത?
 
ഒരുപാട് പേരുടെ വിയര്‍പ്പും രക്തവും വീണ് ഉയര്‍ന്നൊരു ചാനലിനെ മുച്ചൂടും തകര്‍ക്കുകയും അതിലെ തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, എന്തിന് പിഎഫ് പോലും അടയ്ക്കാതെ കയ്യിട്ട് വാരിയ മന്ത്രി എം കെ മുനീറിന് എന്ത് നന്മയാണുള്ളത് കോഴിക്കോട്ടുകാരെ. 300 ഓളം തൊഴിലാളികളുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച് അധികാരത്തിന്റെ അപ്പകഷ്ണംതേടിയിറങ്ങിയ മുനീറിന്റെ പരാജയം ഉറപ്പാക്കാന്‍ സുഹൃത്തുക്കളെ നിങ്ങളുടെ സഹായസഹകരണങ്ങള്‍ അത്യാവശ്യമാണ്. സാമൂഹ്യനീതി നിഷേധിക്കപ്പെട്ട് തെരുവിലേക്ക് തള്ളിയിട്ട ജീവിതങ്ങള്‍ കാണാതെ നന്മ പ്രസംഗിച്ചു നടക്കുന്ന, കാപട്യം നിറഞ്ഞ ചാനല്‍ മുതലാളിയുടെ ചിരിക്കുള്ള മറുപടി മെയ് 19ന് അറിയാം. സാമൂഹ്യനീതി മന്ത്രി തന്നെ സ്വന്തം സ്ഥാപനത്തിലെ തൊഴിലാളികളെ വഴിയാധാരമാക്കിയപ്പോള്‍, ആ പദവിയുടെ മഹത്വം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. വിജിലന്‍സ് കേസും അഴിമതിക്കേസും തൊഴിലാളി വഞ്ചനയുമായി നടക്കുന്ന എം കെ മുനീറിന് എന്തും നന്മയാണുള്ളതെന്ന് വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ.”

വെബ്ദുനിയ വായിക്കുക