എയര്‍കേരള ചിറക് വിരിക്കില്ല, പദ്ധതി മരവിപ്പിച്ചു

ബുധന്‍, 1 ഏപ്രില്‍ 2015 (18:20 IST)
കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിയായി  വിഭാവനം ചെയ്യപ്പെട്ട എയര്‍ കേരള ചിറക് വിരിക്കേണ്ടതില്ലെന്ന് തീരുമാനം. വിമാന സര്‍വീസ് ആരംഭിക്കുന്നതു പോയിട്ട് ആഭ്യന്തര സര്‍വീസിനേക്കുറിച്ച് ആലോചിക്കുന്നതുപോലും വേണ്ടെന്നാണ് എയര്‍ കേരള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ  അധ്യക്ഷതയില്‍ കൂടിയ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം.

വരാന്‍ പോകുന്ന പുതിയ വ്യോമയാന നിയമത്തില്‍ എയര്‍കേരളയ്ക്ക് പ്രതികൂലമായ നിബന്ധനകള്‍ ഉണ്ട് എന്നതിനാലാണ് പുതിയ തീരുമാനം. പുതിയ നിയമ പ്രകാരം ഒരു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് പരിചയം മതിയാകും. എന്നാല്‍ രണ്ടാം വര്‍ഷം വിദേശ സര്‍വീസ്  ആറു മണിക്കൂറിലധികം പറക്കാവുന്ന വിമാനത്താവളങ്ങളിലേക്കു മാത്രമേ അനുവദിക്കൂ എന്ന പുതിയ നിബന്ധനയാണ് എയര്‍ കേരളയ്ക്കു കുരുക്കായത്.

ആഭ്യന്തര സര്‍വീസ് നടത്തുന്ന ആദ്യ വര്‍ഷം എയര്‍ കേരളയക്ക് ആറ് കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് എയര്‍ കേരളയുടെ മാതൃസ്ഥാപനമായ സിയാലിന്റെ പഠന റിപ്പോര്‍ട്ട്. രണ്ടാം വര്‍ഷം ഗള്‍ഫ് രാ‍ജ്യങ്ങളിലേക്ക് സര്‍വീസ് നടത്തി ഈ നഷം നികതാമെന്നും സിയാല്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍ ഇവിടങ്ങളിലേക്കുള്ള പറക്കല്‍ ദൂരം ആറ് മണിക്കൂറില്‍ താഴെയായതിനാല്‍ അഞ്ച് വര്‍ഷം കഴിയാതെ ഈ നീക്കം നടക്കില്ല. ഇത് തിരിച്ചടിയാകുമെന്നതിനാലാണ് എയര്‍കേരളയെ ഫ്രീസറില്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക