എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ഇനി സൌജന്യ യൂണിഫോം
വെള്ളി, 29 മെയ് 2015 (08:11 IST)
സർക്കാർ സ്കൂളുകളിലെപ്പോലെ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികൾക്കും ഈ അധ്യയന വർഷം സൗജന്യ യൂണിഫോം നൽകാന്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബിന്റെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണു തീരുമാനം. അടുത്ത മന്ത്രിസഭാ യോഗം ഇതിന് അംഗീകാരം നൽകുമെന്നു മന്ത്രി അറിയിച്ചു.
ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലെ എല്ലാ പെൺകുട്ടികൾക്കും, പട്ടിക വിഭാഗങ്ങളിലെയും ബിപിഎൽ വിഭാഗത്തിലെയും ആൺകുട്ടികൾക്കും സൌജന്യമായി യൂണിഫോം നല്‍കും. സര്‍ക്കാരിന് 60 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുന്നത്. സ്കൂളുകളിൽ ദിവസം എട്ടു പീരിയഡ് ടൈംടേബിൾ നടപ്പാക്കാനും യോഗത്തിൽ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവിൽ മന്ത്രി ഇന്നലെ ഒപ്പു വച്ചതോടെ സ്കൂൾ തുറക്കുന്ന ദിവസം തന്നെ ഇതു നിലവിൽ വരുമെന്ന് ഉറപ്പായി. 25 വർഷത്തിനു ശേഷമാണു സ്കൂൾ ടൈംടേബിൾ മാറ്റം നടപ്പാക്കുന്നത്.
വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഉറപ്പു നൽകുന്ന വിധത്തിൽ അധ്യാപക പാക്കേജ് നടപ്പാക്കുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കും. അധ്യാപകരെ സംരക്ഷിച്ച് 1 : 30, 1 : 35 അനുപാതം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രിസഭയുടെ പരിഗണനയിലായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും മന്ത്രി അറിയിച്ചു.