അടൂര്‍ പ്രകാശ് കലാശക്കൊട്ടില്‍ പങ്കെടുത്തില്ല

ജെയിംസ് മാനുവല്‍

ശനി, 19 ഒക്‌ടോബര്‍ 2019 (20:49 IST)
കോന്നി നിയമസഭാ മണ്ഡലത്തില്‍ യു ഡി എഫിന്‍റെ കലാശക്കൊട്ടില്‍ പങ്കെടുക്കാതെ മാറിനിന്ന് അടൂര്‍ പ്രകാശ്. പി മോഹന്‍‌രാജിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടുള്ള തന്‍റെ വിയോജിപ്പ് അടൂര്‍ പ്രകാശ് ഇതിലൂടെ വീണ്ടും രേഖപ്പെടുത്തുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
 
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് കോന്നി. അടൂര്‍ പ്രകാശ് പതിറ്റാണ്ടുകളായി എം എല്‍ എ ആയിരുന്ന മത്സരം. അടൂര്‍ പ്രകാശിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. മുന്‍ ഡി സി സി അധ്യക്ഷന്‍ പി മോഹന്‍‌രാജാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി.
 
ഡി വൈ എഫ് ഐ സംസ്ഥാന നേതാവ് ജനീഷ് കുമാറാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ബി ജെ പിയുടെ കെ സുരേന്ദ്രന്‍ കൂടി എത്തിയതോടെ കോന്നിയില്‍ മത്സരം കനത്തു. വിജയിക്കുമെന്ന് മൂന്ന് മുന്നണികളും ആത്മവിശ്വാസത്തോടെ പറയുന്ന കോന്നി ആരെയാകും ഇത്തവണ തെരഞ്ഞെടുക്കുക എന്നത് അതുകൊണ്ടുതന്നെ ഏറ്റവും വലിയ സസ്പെന്‍സാണ്.
 
ഇടതുപക്ഷമോ ബി ജെ പിയോ വിജയിച്ചാല്‍ അത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാകും. മറിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ അത് അടൂര്‍ പ്രകാശിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിക്കൂടി വിലയിരുത്തപ്പെടും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍