ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ട് പത്തുപൈസ പോലും പാര്‍ട്ടിയുടെ ആള്‍ക്കാര്‍ ഇട്ടുതന്നില്ല: നടി പ്രിയങ്ക

Webdunia
ബുധന്‍, 2 ജൂണ്‍ 2021 (08:20 IST)
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്ലാവിധ പിന്തുണയും തരാമെന്ന് പറഞ്ഞവര്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്ന് സിനിമ-സീരിയല്‍ നടി പ്രിയങ്ക അനൂപ്. പാര്‍ട്ടിയില്‍ നിന്നു തനിക്ക് ഒരു സഹായവും ലഭിച്ചില്ലെന്നും ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ട് പത്തുപൈസ പോലും അതിലേക്ക് ഇട്ടുതന്നില്ലെന്നും പ്രിയങ്ക പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 
 
തരാനുള്ള പൈസ തിരഞ്ഞെടുപ്പ് കഴിഞ്ഞു തരാമെന്നു പറഞ്ഞതല്ലാതെ തന്നിട്ടില്ല. നന്ദകുമാറിന് ഒപ്പമുള്ള വിജയകുമാര്‍ എന്നയാള്‍ തിരഞ്ഞെടുപ്പ് ഏജന്റിന്റെ അക്കൗണ്ടിലേക്കും തന്റെ അക്കൗണ്ടിലേക്കും കുറച്ചു പണം നല്‍കിയിരുന്നു. പലരും പറയുന്നതു പോലെ ഏഴു ലക്ഷമോ, 15 ലക്ഷമോ ഒന്നും തന്നില്ല. ചെലവായ തുകയ്ക്കു കണക്കു കൊടുത്തപ്പോള്‍ തരികയായിരുന്നു. ചെലവു തുക ഇനിയും ലഭിക്കാനുണ്ട്.
 
നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം കുണ്ടറയില്‍ ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസിന്റെ വാഹനത്തിനു നേരെ പെട്രോള്‍ ബോംബാക്രമണ നാടകം നടത്തിയെന്ന കേസില്‍ പ്രിയങ്ക ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. നടിയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞു. 
 
വാഗ്ദാനങ്ങള്‍ നല്‍കി വിവാദ ദല്ലാള്‍ നന്ദകുമാറാണു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് പ്രിയങ്ക മത്സരിച്ചത്. ഇതേ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് ഷിജു എം.വര്‍ഗീസ് കുണ്ടറയില്‍ ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിച്ചത്.  
 
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്റ്റര്‍, പ്രചാരണ ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എയാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പാര്‍ട്ടി ആദ്യം നല്‍കിയത്. ഇഎംസിസി പ്രസിഡന്റ് ഷിജു എം.വര്‍ഗീസിനെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാര്‍ട്ടി കമ്മിറ്റികളില്‍ കണ്ടുള്ള പരിചയമാണുള്ളതെന്നും പ്രിയങ്ക പറയുന്നു. 
 
അരൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രിയങ്കയ്ക്ക് പ്രതീക്ഷിച്ച അത്ര വോട്ട് നേടാന്‍ പോലും സാധിച്ചില്ല. സിനിമ താരം ആയിട്ട് കൂടി പ്രിയങ്കയ്ക്ക് ആകെ കിട്ടിയത് 475 വോട്ടുകളാണ്. വോട്ടിങ് യന്ത്രത്തില്‍ 466 വോട്ടുകളും പോസ്റ്റല്‍ ബാലറ്റ് വഴി ഒന്‍പത് വോട്ടുകളുമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. 75,617 വോട്ടുകളുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ദലീമയാണ് അരൂരില്‍ ജയിച്ചത്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article