കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കേസുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരെ പൊലീസ് ചോദ്യം ചെയ്തതായി മംഗളം ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തതെന്നാണ് മംഗളം ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍പ് നടന്‍ ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. മാധ്യമങ്ങള്‍ ദിവസങ്ങളോളം ചര്‍ച്ച ചെയ്ത വിഷയവുമായിരുന്നു ഇത്. എന്നാല്‍, ഇതിനു മുമ്പാണ് മഞ്ജുവിനെ എഡിജിപി ബി സന്ധ്യ അടങ്ങുന്ന സംഘം ചോദ്യം ചെയ്തതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചെങ്കിലും അവിടേക്ക് വരാന്‍ മഞ്ജു വാര്യര്‍ തയ്യാറായില്ല. തുടര്‍ന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയാണ് മഞ്ജു വാര്യരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് മഞ്ജു വാര്യര്‍ സഹകരിച്ചില്ലെന്നും ഇതിനെ തുടര്‍ന്ന് ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറിയതായും മംഗളം ബ്രേക്കിംഗ് ന്യൂസായി നല്‍കിയിരിക്കുന്നു.
അഭിഭാഷകനോടൊപ്പമാണ് മഞ്ജു വാര്യര്‍ കൊച്ചിയിലെ ഹോട്ടലിലെത്തിയത്. എന്നാല്‍ അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യല്‍ നടക്കില്ലെന്ന് വ്യക്തമാക്കിയ എഡിജിപി അഭിഭാഷകനെ പുറത്തുനിര്‍ത്തിയാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ സുഹൃത്ത് ശ്രീകുമാറിനെയും പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് മംഗളം ടിവി നല്‍കിയ വാര്‍ത്തയിലുള്ളത്.