കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ആലുവ റൂറൽ എസ്പി എവി ജോർജ്.
കേസിൽ മാപ്പു സാക്ഷി വേണമോയെന്ന് അന്വേഷണത്തിന്‍റെ അവസാന ഘട്ടത്തിൽ മാത്രമാകും തീരുമാനിക്കുക. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരേ ശക്തമായ തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചു കഴിഞ്ഞുവെന്നും റൂറൽ എസ്പി പറഞ്ഞു.
അതേസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി, ഈ മാസം 22വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് കാക്കനാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കാക്കനാട് ജയിലിൽ ഫോണ്‍ ഉപയോഗിച്ച കേസിലാണ് സുനി ഉൾപ്പടെ നാല് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നേടിയെങ്കിലും മറ്റ് കേസുകൾ നിലവിലുള്ളതിനാൽ സുനിക്ക് ജയിലിൽ തന്നെ തുടരേണ്ടി വരും.
ജയിലിൽ വച്ച് അറസ്‌റ്റിലായ ദിലീപിന്‍റെ മാനേജർ അപ്പുണ്ണി, സംവിധായകനും നടനുമായ നാദിർഷ തുടങ്ങിയവരെ സുനി വിളിച്ചിരുന്നു. ഈ ഫോണ്‍ ഉപയോഗത്തിന്‍റെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തത്.