തമിഴ്‍നാട്ടില്‍ എത്തിയ ലഷ്‍കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന് സംശയിക്കുന്ന തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അബ്ദുള്‍ ഖാദര്‍ റഹീം എന്നയാളെയാണ് എറണാകുളം ജില്ലാ കോടതിയില്‍ നിന്നും പൊലീസ് പിടികൂടിയയത്.
തീവ്രവാദ ഭീഷണിയെ തുടർന്ന് അബ്ദുള്‍ ഖാദറിനെ പൊലീസ് തെരയുകയായിരുന്നു. ഇയാൾ ബഹ്റൈനിൽ നിന്നും രണ്ട് ദിവസം മുമ്പാണ് കൊച്ചിയിൽ എത്തിയത്. ഇയൾക്കൊപ്പമുണ്ടായിരുന്നു ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ശ്രീലങ്കയില്‍ നിന്നും ബോട്ട്മാര്‍ഗം തമിഴ്‌നാട്ടിലേക്ക് കയറിയ സംഘം കോയമ്പത്തൂരിലേക്ക് പോയെന്നാണ് വിവരം. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറാണെന്നും മറ്റൊരാള്‍ അബ്ദുള്‍ ഖാദര്‍ ആണെന്നുമാണ് റിപ്പോര്‍ട്ട്. അബ്ദുൾ ഖാദറിന്റെ ചിത്രം തമിഴ്നാട് പൊലീസിന് ലഭിച്ചിരുന്നു.
ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന ആറു പേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒരു യുവതിക്കൊപ്പം കൊച്ചിയില്‍ വിമാനമിറങ്ങിയ റഹീമിനെ തേടി സംസ്ഥാന വ്യാപകമായി പൊലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു.
പൊലീസ് അന്വേഷിക്കുന്നതിനാല്‍ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കോടതിയില്‍ എത്തിയതെന്നും കീഴടങ്ങാന്‍ തയ്യാറാണെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഒരു മാസം മുമ്പാണ് ബഹ്‌റിനിലേക്ക് പോയത്. അവിടെ ഒരു കമ്പനിയില്‍ തടവിലായിരുന്ന സ്ത്രീയെ താന്‍ മോചിപ്പിച്ചുകൊണ്ടു വന്നു. അതിന്റെ പേരിലുള്ള പ്രതികാരമാണ് ഈ കേസ്. ബഹ്‌റിനില്‍ വച്ചും സിഐഡി തന്നെ ചോദ്യം ചെയ്‌തിരുന്നു എന്നും അബ്ദുള്‍ ഖാദര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
തീവ്രവാദികള്‍ എത്തിയെന്ന വാര്‍ത്ത ഒരാള്‍ ഇന്നലെ മൊബൈലില്‍ അയച്ചുതന്നു. ഇതുകണ്ട് പൊലീസ് സ്‌റ്റേഷനില്‍ എത്തി വിവരം തിരക്കാന്‍ ആലോചിച്ചു. ഈ സമയം കെട്ടിടത്തിനു സമീപം മഫ്തിയില്‍ പൊലീസിനെ കണ്ടു. അതോടെയാണ് തനിക്ക് ആശങ്ക വര്‍ദ്ധിച്ചത്. ഇല്യാസ് അന്‍വര്‍ എന്ന പാകിസ്ഥാനിയെ അറിയില്ല. തനിക്ക് ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ആരോപിക്കുന്ന വ്യക്തി ബഹ്‌റിനിലെ നയതന്ത്ര കാര്യാലയത്തില്‍ ഉദ്യോഗസ്ഥനാണ്. അയാള്‍ പാകിസ്ഥാനിയല്ല ബഹ്‌റിന്‍ പൗരനാണെന്നും അബ്ദുള്‍ ഖാദര്‍ റഹിം പറയുന്നു.